ദോഹ: ഇസ്രായേലിന്റെ നിയമവിരുദ്ധമായ നടപടികളെ പിന്തുണക്കരുതെന്ന് ലോകരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും അഭ്യർഥിച്ച് ഖത്തർ. ന്യൂയോർക്കിലെ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്ക് മുന്നോടിയായി, ഇസ്രായേലിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രത്യേക പ്രമേയ ചർച്ചയിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അധിനിവേശ ഫലസ്തീനിലെയും കിഴക്കൻ ജറൂസലമിലേയും അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്നും, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായത്തെ ഖത്തർ ഭരണകൂടം സ്വാഗതം ചെയ്യുന്നുവെന്നും ശൈഖ അൽയാ ആൽഥാനി വ്യക്തമാക്കി.
കോടതിയുടെ അഭിപ്രായത്തിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് എന്നിവ ഉൾപ്പെടുമെന്നും, കോടതി നിലപാടിനെ അംഗീകരിക്കാൻ ഖത്തർ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും, അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായം ഉടനടി നിരുപാധികമായി നടപ്പിൽ വരുത്താൻ എല്ലാ രാജ്യങ്ങളും മുന്നോട്ട് വരണമെന്നും അവർ ചൂണ്ടിക്കാട്ടി. ഇസ്രായേൽ നയങ്ങളുടെയും അതിക്രമങ്ങളുടെയും അനന്തരഫലങ്ങളെയും അധിനിവേശത്തെയും കുറിച്ച ഐ.സി.ജെ ഉപദേശക അഭിപ്രായത്തിൽ ഫലസ്തീൻ സമർപ്പിച്ച ചരിത്രപരമായ കരട് പ്രമേയം ചർച്ച ചെയ്യുന്നതിനായി പത്താം അടിയന്തര പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
ഗസ്സയിൽ ഉടനടി സ്ഥിരം വെടിനിർത്തൽ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ ഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നാതയും അമേരിക്ക, ഈജിപ്ത് എന്നിവരുടെ പങ്കാളിത്തത്തോടെ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും ശൈഖ അൽയാ ആൽഥാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.