ദോഹ: 2022ലെ പ്രകൃതിവാതക കയറ്റുമതിയില്‍ ഖത്തറും യു.എസും മുന്നില്‍. 81.2 ദശലക്ഷം ടണ്‍ എൽ.എന്‍.ജി വീതമാണ് ഇരുരാജ്യങ്ങളും കയറ്റുമതി ചെയ്തത്. യുക്രെയ്ന് പ്രതിസന്ധിയാണ് ഇരുരാജ്യങ്ങളുടെയും കയറ്റുമതി കൂടാന്‍ കാരണം. 2021ല്‍ ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇക്കാര്യത്തില്‍ അമേരിക്കക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
യൂറോപ്പിന് ആവശ്യമായ 40 ശതമാനം ദ്രവീകൃത പ്രകൃതിവാതകം റഷ്യയാണ് നല്കിക്കൊണ്ടിരുന്നത്. ഇതിന്റെ മൂന്നിലൊരു ഭാഗവും യുക്രെയ്ന് വഴിയായിരുന്നു നല്‍കിയിരുന്നത്. യുദ്ധത്തെ തുടർന്ന് ഇത് നിലച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിച്ചത് ഖത്തറിനെയാണ്. തീപിടിത്തം കാരണം ടെക്സസ് പ്ലാന്റില്‍നിന്ന് ഉല്പാദനം നിലച്ചത് അമേരിക്കക്ക് തിരിച്ചടിയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഓയില്‍-ഗ്യാസ് മേഖലയില്‍നിന്ന് ഖത്തറിന് 7600 കോടി ഖത്തര്‍ റിയാല്‍ വരുമാനം ലഭിച്ചതായാണ് കണക്ക്.
നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനം പൂര്‍ത്തിയാകുന്നതോടെ ദ്രവീകൃത പ്രകൃതിവാതക ഉൽപാദനത്തില് ഖത്തറിന് ആഗോളതലത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം ഉറപ്പിക്കാനായേക്കും. 2027ഓടെ പ്രതിവര്‍ഷം 126 ദശലക്ഷം ടണ്‍ ഉല്പാദനമാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.