ദോഹ: ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുമായി സ്വദേശികളും താമസക്കാരും ഉൾപ്പെടെ ഖത്തർ ജനത എങ്ങനെ ഇടപഴകുന്നുവെന്ന് അറിയാൻ സർവേയുമായി വിവര സാങ്കേതിക മന്ത്രാലയം. സാങ്കേതിക സംവിധാനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, അവയുടെ ഉപയോഗം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ, ഏതെല്ലാം മേഖലയിലാണ് ഉപയോഗം എന്നെല്ലാം തിരിച്ചറിയുകയാണ് ഐ.ടി മന്ത്രാലയം സർവേയുടെ ലക്ഷ്യം.
പൗരന്മാർക്കും താമസക്കാർക്കുമിടയിലെ സമഗ്ര സർവേയുടെ ആദ്യ ഘട്ടത്തിൽ മൊബൈലുകളിലേക്ക് എസ്.എം.എസ് സന്ദേശങ്ങൾ അയച്ചതായി മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പൊതുജനങ്ങളുമായി വ്യക്തിഗത അഭിമുഖങ്ങൾ നടത്തും. ജൂൺ എട്ടോടെ സർവേ നടപടികൾ അവസാനിക്കും. ഡിജിറ്റൽ മേഖലയിലെ സമൂഹത്തിന്റെ അനുഭവങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാൻ സർവേയിൽ പങ്കെടുക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഖത്തറിലുടനീളം ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി അവശ്യ വിവരങ്ങൾ നൽകുന്നതിന് പുറമെ, പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ അറിയാനും അത് നിറവേറ്റാനും സർവേ സഹായിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളിൽനിന്നും ശേഖരിക്കുന്ന വിവരങ്ങൾ ഖത്തറിലെ ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ മാത്രമെ ഉപയോഗിക്കുന്നുള്ളൂ എന്നും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.