ദോഹ: അവസാന റൗണ്ടുവരെ ഇന്ത്യൻ താരങ്ങൾ ആവേശത്തോടെ പോരാടിയ ഖത്തർ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ടൈബ്രേക്കറിലെ വിജയത്തോടെ കിരീടം ചൂടി ഉസ്ബകിസ്താന്റെ നദിബെക് യാകുബേവ്. 6.5 പോയന്റുമായി മികച്ച ലീഡിൽ ഒമ്പതാം റൗണ്ടിനിറങ്ങിയ ഇന്ത്യയുടെ അർജുൻ എറിഗൈസിക്ക് അപ്രതീക്ഷിതമായേറ്റ തോൽവി തിരിച്ചടിയായി.
ടൈബ്രേക്കർ വെല്ലുവിളിയില്ലാതെ കിരീടം ചൂടാമായിരുന്ന അവസരം തോൽവിയോടെ നഷ്ടമായപ്പോൾ, ഏഴു പോയന്റുമായി ഒപ്പത്തിനൊപ്പമെത്തിയ ഉസ്ബക്കുകാരായ യാകുബേവും അബ്ദുസതറോവും തമ്മിലായി ടൈബ്രേക്കർ അങ്കം. 19കാരനായ അബ്ദുസതറോവിന്, ടൈബ്രേക്കറിലെ രണ്ടു മത്സരങ്ങളിലും മുതിർന്ന സഹോദരനു മുന്നിൽ കീഴടങ്ങാനായിരുന്നു വിധി. ഒമ്പതു പോയന്റുമായി 21കാരനായ യാകുബോവ് വമ്പൻ സമ്മാനത്തുകയുള്ള ഖത്തർ മാസ്റ്റേഴ്സ് കിരീടം ചൂടി.
6.5 പോയന്റുമായി മലയാളി താരം എസ്.എൽ. നാരായണൻ, അർജുൻ എറിഗൈസി, ഡി. ഗുകേഷ് എന്നീ ഇന്ത്യക്കാർ മൂന്നാം സ്ഥാനത്തിന് അവകാശികളായി.
ഒമ്പതാം റൗണ്ടിൽ എസ്.എൽ നാരായണൻ നകാരു ഹികാമുരക്കൊപ്പമാണ് സമനില പാലിച്ചത്. ഇവർക്കൊപ്പം ഹികാമുര, ജവോകിർ സിൻഡറോവ്, ഇറാന്റെ ഫർഹം മഖ്സൂദുലു എന്നിവരും ഇതേ പോയന്റുമായി മൂന്നാം സ്ഥാനത്തിന് അവകാശികളായി.
മാഗ്നസ് കാൾസനെ അട്ടിമറിച്ച് ശ്രദ്ധേയനായ എം. കാർത്തികേയനും ഒമ്പതാം റൗണ്ടിൽ അപ്രതീക്ഷിത തോൽവി വഴങ്ങി. അർജുനെ അബ്ദുസതറോവാണ് നിർണായക മത്സരത്തിൽ കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.