അബൂതാഹിർ മുഹമ്മദ് താഹ
ഖത്തർ ലോകകപ്പിന്റെ ആരവങ്ങളെ സ്വാഗതംചെയ്ത് കാത്തിരിക്കുമ്പോൾ എന്റെ ഓർമയിലെത്തുന്നത് 2006 ജർമനി ലോകകപ്പാണ്. ലോക രാജാക്കന്മാരെ നിർണയിക്കുന്ന കലാശപ്പോരാട്ടത്തിൽ വയസ്സൻപട എന്നു പേരുകേട്ട മർസെല്ലോ ലിപ്പിയുടെ ഇറ്റലിയും സാക്ഷാൽ സിനദിൻ സിദാൻ ഉൾപ്പെടെയുള്ള വിരമിച്ച താരങ്ങളെ തിരിച്ചുവിളിച്ച റെയ്മൻഡ് ഡൊമെഷിന്റെ ഫ്രാൻസും തമ്മിലെ മത്സരം. ഫുട്ബാളിനെ ഏറെ സ്നേഹിച്ച വല്യുപ്പയിലൂടെയാണ് പന്തുകളിയെ അറിഞ്ഞുതുടങ്ങിയത്. ഞങ്ങളുടെ നാടായ തൃശൂരിൽ നടക്കുന്ന വിവിധ ടൂർണമെന്റുകളിലും ഫുട്ബാൾ ക്യാമ്പുകളിലും പോയി കാൽപന്തിന്റെ മനോഹരമായ ലോകം തൊട്ടറിഞ്ഞു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ ആയിരുന്നു സിദാൻ. അതുകൊണ്ടുതന്നെ മധ്യനിരയിൽ വിസ്മയം തീർക്കുന്ന ആ മാന്ത്രികൻ ഒരിക്കൽ കൂടി ഫ്രാൻസിന് വിശ്വകിരീടം ചൂടിക്കൊടുക്കുന്നത് കാണാൻ ആ രാത്രിയിൽ ഞങ്ങളും കാത്തിരുന്നു.
ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇറ്റലി മുന്നേറിയത്. എന്നാൽ ഫ്രാൻസിന്റെ സ്ഥിതി കുറച്ച് പരുങ്ങലിലായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും സ്വിറ്റ്സർലൻഡിനോടും കൊറിയയോടും സമനില വഴങ്ങിയ ഫ്രാൻസ് ആഫ്രിക്കൻ വൻകരയിൽനിന്നുള്ള ടോഗോയെ തോൽപിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനവും കൊണ്ടാണ് അടുത്ത ഘട്ടത്തിലേക്ക് വന്നത്. അതുകൊണ്ടുതന്നെ ഫ്രാൻസിന്റെ മേൽ ഒരു ഫൈനൽ പ്രതീക്ഷയൊന്നുമില്ലായിരുന്നു.
പക്ഷേ, നോക്കൗട്ട് റൗണ്ടുകളിലെ പ്രകടനങ്ങൾ ആരാധകർക്കും ആവേശം നൽകി. സെമിയിൽ ശക്തരായ ജർമൻ പടയെ വീഴ്ത്തിയ ഇറ്റലിയും മികച്ച ടീമുമായി വന്ന ലൂയിസ് ഫിഗോയുടെ പറങ്കിപ്പടയെ വീഴ്ത്തി ഫ്രാൻസും കലാശപ്പോരാട്ടത്തിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ആരാധകർക്കും അവിസ്മരണീയമായി.
ഫൈനലിൽ സിദാന്റെ മാജിക്കിൽ ഫ്രാൻസ് കപ്പടിക്കുമെന്നുതന്നെ ഞങ്ങൾ ഉറപ്പിച്ചു. ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ബുഫണിനെ കബളിപ്പിച്ച് സിദാൻ ചിപ്പ് ചെയ്ത് ഗോൾവര കടത്തിയപ്പോൾ ഞങ്ങളും തുള്ളിച്ചാടി. സമ്മർദഘട്ടത്തിലും സിദാൻ കാണിച്ച മനക്കരുത്ത് അതുല്യമായിരുന്നു. ആ രാത്രിയിൽ എന്റെ വല്യുപ്പയുടെ മുഖത്ത് കണ്ട ആവേശവും ആഹ്ലാദവും മറ്റൊരു ഫുട്ബാൾ പ്രേമിയുടെ മുഖത്തും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.
പക്ഷേ ആ സന്തോഷത്തിനും ആഹ്ലാദത്തിനും വെറും 12 നിമിഷത്തിന്റെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്. അസൂറിപ്പടയിലെ മിഡ് ഫീൽഡ് ജനറൽ പിർലോയിൽനിന്ന് കിട്ടിയ ബാൾ മറ്റരാസി ഫ്രഞ്ച് ഗോൾ മുഖത്തേക്ക് തിരിച്ചുവിട്ടു. സമനിലയിലായ കളി അധികസമയത്തേക്ക്.
എക്സ്ട്രാ ടൈം തീരാൻ നിമിഷങ്ങൾ ശേഷിക്കെയാണ് സിദാനിൽനിന്നും മുമ്പോ അതിനു ശേഷമോ നടന്നിട്ടില്ലാത്ത ആ ദുർനിമിഷം പിറന്നത്. മുന്നിലേക്ക് നടന്നുനീങ്ങിയ സിദാൻ പെട്ടെന്നുതന്നെ തിരിഞ്ഞ് മറ്റരാസിയുടെ നെഞ്ചിലേക്ക് തന്റെ തല കൊണ്ട് കുത്തിയ രംഗം കണ്ട് ഞങ്ങളും ഞെട്ടി. അവിടെ തീരുകയായിരുന്നു ഫ്രാൻസിന്റെ വിശ്വ കിരീടപ്രതീക്ഷ. പിന്നെ നടന്ന ഷൂട്ടൗട്ടിൽ ഒരുപക്ഷേ സിദാൻ എടുക്കേണ്ടിയിരുന്ന ഒരു കിക്ക്, ട്രെസഗേ പാഴാക്കിയതോടെ ഇറ്റലിയുടെ ആത്മവീര്യം വർധിച്ചു. അവസാന കിക്കും ഗോൾ വര കടത്തി ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കിയപ്പോൾ സിദാനും ഞങ്ങൾ ആരാധകർക്കും കണ്ണീരായി.
വ്യക്തിപരമായി എനിക്ക് നീറുന്ന ഒരു ഓർമകൂടിയാണ് 2006 ലോകകപ്പ്. എന്റെ വല്യുപ്പയുടെ കൂടെ കണ്ട അവസാന ലോകകപ്പായിരുന്നു അത്. ഈ വർഷം ഖത്തറിൽ ലോകകപ്പ് നടക്കുമ്പോൾ നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ച അനേകായിരം മലയാളികളിൽ ഒരാളാണ് ഞാൻ. ലോകകപ്പിന് ഇവിടെ കിക്ക് ഓഫ് കുറിക്കുമ്പോൾ നാട്ടിൽ എന്റെ വീട്ടിലെ ടെലിവിഷൻ സ്ക്രീനിലേക്ക് നോക്കിനിൽക്കുന്ന രണ്ടു വയസ്സുകാരനായ മകനെ ഞാൻ വിളിച്ച പേരും ഇതിഹാസതാരം സിദാന്റേതുതന്നെയെന്ന സന്തോഷവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.