ദോഹ: ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും രജിസ്ട്രേഷൻ നടപടിക്രമമായ ഇസ്തിമാറ പുതുക്കാൻ കഴിയുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങൾക്കെതിരായ നിയമലംഘന പരാതി പ്രത്യേകവിഭാഗത്തിലേക്ക് തുടർനടപടികൾക്കായി മാറ്റാനുള്ള സൗകര്യം വൈകാതെ പ്രാബല്യത്തിൽ വരുമെന്നും ഖത്തർ ടി.വിക്കു നൽകിയ അഭിമുഖത്തിൽ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മാധ്യമ- ട്രാഫിക് ബോധവത്കരണ വിഭാഗം അസി. ഡയറക്ടർ കേണൽ ജാബിർ മുഹമ്മദ് റാഷിദ് ഉദൈബ പറഞ്ഞു. ഡിസംബർ 18ന് ആരംഭിച്ച മൂന്നുമാസക്കാലത്തെ ഇളവ് പദ്ധതി പൂർത്തിയായ ശേഷമാവും പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിക്കുക. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കൽ ഉൾപ്പെടെ നടപടികൾ മാർച്ച് 17നു ശേഷമായിരിക്കും പ്രാബല്യത്തിൽ വരുക.
ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാർച്ച് 17നാണ് അവസാനിക്കുന്നത്. തുടർന്ന് രാജ്യത്തെ ഗതാഗത നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് അധികൃതരുടെ നീക്കം. ഗതാഗത ലംഘനങ്ങളുടെ ഒത്തുതീര്‍പ്പ് കാലാവധി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്ന് ഉദൈബ പറഞ്ഞു. നിലവിൽ ട്രാഫിക് ലംഘനങ്ങൾക്ക് പിഴചുമത്തപ്പെട്ടവർ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കുകയാണെങ്കിൽ 50 ശതമാനം പിഴ നൽകിയാൽ മതിയാവും. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ട്രാഫിക് ഫൈൻ അടച്ചുതീർപ്പാക്കാവുന്നതാണ്. ദേശീയ ദിന സമ്മാനം എന്ന നിലയിലാണ് ഡിസംബർ ആദ്യവാരത്തിൽ അധികൃതർ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡിസംബർ 18ന് നിലവിൽ വന്നതിനു പിന്നാലെ നിരവധി പേർ അവസരം ഉപയോഗപ്പെടുത്തി കെട്ടിക്കിടന്ന പിഴത്തുക അടക്കുന്നതായും ഗതാഗത മന്ത്രാലയം അറിയിച്ചു.
'വരും ദിവസങ്ങളിൽ കൂടുതൽ പേർ ഫൈൻ അടക്കാൻ രംഗത്തുവരും. മാസാവസാനം ശമ്പളം ലഭിച്ചു തുടങ്ങുമെന്നതിനാൽ, കൂടുതൽ പേർ ജനുവരി ആദ്യത്തിൽ പിഴത്തുക ഇളവ് പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വാഹനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത ഏതു തരത്തിലുള്ള നിയമ ലംഘനങ്ങൾക്കും 50 ശതമാനം ഇളവ് ആനുകൂല്യം ലഭിക്കും' -കേണൽ ഉദൈബ വ്യക്തമാക്കി. നിയമലംഘനങ്ങൾ കുറക്കുന്നതിെൻറ ഭാഗമായി അടുത്ത വർഷം മുതൽ നിയമനടപടികൾ കർക്കശമാക്കാനാണ് ട്രാഫിക് വിഭാഗത്തിെൻറ തീരുമാനം. അടുത്ത വർഷം നടപ്പാവുന്ന പുതിയ നടപടിക്രമങ്ങള്‍ പ്രകാരം പിഴ അടക്കാത്തവര്‍ക്ക് നിയമലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ രണ്ടു മാസം സമയം നല്‍കും. അതിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.