ദോഹ: നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ആയിരത്തിലധികം ബൈക്കുകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ബൈക്കുകൾക്കായുള്ള ഗതാഗത സുരക്ഷ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത ജനറൽ ഡയറക്ടറേറ്റ് നടത്തിയ കാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതും വാഹനങ്ങൾ പിടികൂടിയതും. സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച വിഡിയോയിൽ 1198 ബൈക്കുകൾ പിടികൂടിയതായി ചൂണ്ടിക്കാട്ടി. ബൈക്ക് യാത്രികർ അവരുടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത സുരക്ഷാ മാർഗനിർദേശങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതിരിക്കുക, നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുക, അനുവദിച്ചതിലും കൂടുതൽ ശബ്ദമുണ്ടാക്കുക തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. കഴിഞ്ഞ പത്തു വർഷത്തിനിടെ വിവിധ ബൈക്ക് അപകടങ്ങൾ കുറക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികൾ നടത്തിയതായി നാഷനൽ ട്രാഫിക് സേഫ്റ്റി കമ്മിറ്റി (എൻ.ടി.എസ്.സി) ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ മാലികി അറിയിച്ചു. 16 പങ്കാളികളുമായി സഹകരിച്ച് 200ഓളം ആക്ഷൻ പ്ലാനുകളാണ് നടപ്പാക്കിയത്. ഇവയിൽ 160ഓളം പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി ചേർന്നായിരുന്ന നടപ്പാക്കിയത്. റോഡ് അപകടങ്ങൾ കുറക്കുക, പരിക്കും മരണവും സംഭവിക്കാനുള്ള സാധ്യത കുറക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യംവെച്ച് അന്താരാഷ്ട്ര റോഡ് സുരക്ഷാപദ്ധതികളുടെ ഭാഗമായി ഇതിനകം നിരവധി ബോധവത്കരണ പരിപാടികളും അധികൃതർ നടപ്പാക്കിയതായി അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.