ദോഹ: ലോകകപ്പ് വേളയിൽ സന്ദർശക വിസ വഴി ഖത്തറിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം.
നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ ലോകകപ്പിനെത്തുന്ന കാണികൾക്ക് ഹയാ കാർഡ് വഴി രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുമ്പോൾ, തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് എല്ലാ തരം സന്ദർശക വിസകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.
എന്നാൽ, ഡിസംബർ 23നുശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
നവംബർ ഒന്നുമുതൽ രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന ഹയാ കാർഡ് ഉടമകൾക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറിൽ തുടരാവുന്നതാണ്. ഇവർക്ക് 2023 ജനുവരി 23നുള്ളിൽ മടങ്ങിപ്പോയാൽ മതിയാവും.
അതേസമയം, ഖത്തർ പൗരന്മാർ, താമസക്കാർ, ഖത്തർ ഐ.ഡിയുള്ള ജി.സി.സി പൗരന്മാർ എന്നിവർക്ക് ലോകകപ്പ് വേളയിൽ ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വർക്ക് പെർമിറ്റിലും വ്യക്തിഗത റിക്രൂട്ട്മെന്‍റ് വിസയിലും (ഗാർഹിക തൊഴിൽ വിസ) എത്തുന്നവർക്കും പ്രവേശനത്തിന് തടസ്സങ്ങളില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി അംഗീകാരം നൽകുന്നവർക്കും നവംബർ ഒന്നിനും ഡിസംബർ 23നുമിടയിലുള്ള കാലയളവിൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.
നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ദശലക്ഷം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ഈ വേളയിൽ മാച്ച് ടിക്കറ്റ് ലഭിച്ച ആരാധകർക്ക് ഹയാ കാർഡിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ലോകകപ്പ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി കമ്മിറ്റി മീഡിയ യൂനിറ്റ് മേധാവിയും പബ്ലിക്ക് റിലേഷൻ വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത, ചാമ്പ്യൻഷിപ് സെക്യൂരിറ്റി ഓപറേഷൻസ് കമാൻഡർ ഓഫിസ് എക്സിക്യൂട്ടിവ് ഡയറക്ടർ കേണൽ ജാസിം അൽ സായിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.