ദോഹ: രാജ്യത്ത് കോവിഡ്-19 വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കെല്ലാം വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ, ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് ജനം അറിഞ്ഞിരിക്കേണ്ട പൊതുവായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലേക്ക് ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് നിരന്തരം എത്തിച്ചേർന്ന ചോദ്യങ്ങളും മന്ത്രാലയത്തിെൻറ മറുപടികളുമാണിവ.
ബൂസ്റ്റർ ഡോസ് എന്നാൽ?
കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം പിന്നിട്ടവർക്കാണ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകിവരുന്നത്. രണ്ട് ഡോസും സ്വീകരിച്ച് ആറു മാസം പിന്നിടുന്നതോടെ ഭൂരിഭാഗം ജനങ്ങളിലും രോഗ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി വിവിധ ക്ലിനിക്കൽ പരിശോധനാ ഫലം പുറത്തുവന്നതിനെ തുടർന്നാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിക്കുന്നത്. ബൂസ്റ്റർ ഡോസിലൂടെ കൂടുതൽ കാലത്തേക്ക് രോഗപ്രതിരോധശേഷി നേടിയെടുക്കാനും സാധിക്കുന്നു.
ബൂസ്റ്റർ ഡോസ് എന്തിന്,
കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആർജിച്ചെടുത്ത രോഗപ്രതിരോധശേഷി, രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിടുന്നതോടെ കുറഞ്ഞു വരുന്നതായി ഏറ്റവും പുതിയ ക്ലിനിക്കൽ പരിശോധനകളിൽ തെളിഞ്ഞതിനെ തുടർന്നാണ് സർക്കാർ ബൂസ്റ്റർ ഡോസ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബൂസ്റ്റർ ഡോസ് അപ്പോയൻറ്മെന്റ്
പ്രായമേറിയവർ, മാറാരോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർ തുടങ്ങി കോവിഡ് അപകട സാധ്യത കൂടുതലുള്ളവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതിന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർതന്നെ നേരിട്ട് ബന്ധപ്പെടുന്നതായിരിക്കും. അതേസമയം, ബൂസ്റ്റർ ഡോസിന് യോഗ്യരായിട്ടും പി.എച്ച്.സി.സിയിൽനിന്നും അപ്പോയൻറ്മെൻറ് ലഭിക്കാത്തവർക്ക് 4027 7077 നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് അപ്പോയൻറ്മെൻറ് നേടാം. കൂടാതെ, പി.എച്ച്.സി.സി ആപ്ലിക്കേഷൻ 'നർആകും' വഴിയും അപ്പോയൻറ്മെൻറിനായി രജിസ്റ്റർ ചെയ്യാം.
ബൂസ്റ്റർ ഡോസിന് യോഗ്യത
കോവിഡ് രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവരെല്ലാം ബൂസ്റ്റർ ഡോസിന് യോഗ്യരാണ്. നിലവിൽ പി.എച്ച്.സി.സിയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. ഫൈസർ-ബയോൻടെക്, മൊഡേണ എന്നീ വാക്സിനുകളാണ് ഖത്തറിൽ വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.