ദോഹ: സ്ത്രീ ശാക്തീകരണം നടപ്പാക്കുന്നതിനായുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് പിന്തുണയും കരുത്തും നൽകുകയാണ് ഫിഫ ലോകകപ്പ്. ഖത്തറിൽ നടന്ന അധിക കായിക ചാമ്പ്യൻഷിപ്പുകളിലും ഇനി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലും സംഘാടനം മുതൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതുവരെ വിവിധ മേഖലകളിൽ സ്ത്രീ സാന്നിധ്യം അത്രമേൽ ശക്തമാണെന്ന് ജുസൂർ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ അഫ്റാ അൽ നുഐമി പറഞ്ഞു.
കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് ഉന്നത പദവികളിൽ സ്ത്രീകൾ തിളങ്ങിനിൽക്കുന്നതെന്നും കാര്യനിർവഹണം മുതൽ സാങ്കേതികതലങ്ങളിൽവരെ സ്ത്രീകളെ കാണാൻ സാധിക്കുമെന്നും അഫ്റാ അൽ നുഐമി പറഞ്ഞു. ജോർജ്ടൗൺ യൂനിവേഴ്സിറ്റി ഖത്തറിലെ (ജി.യു.ക്യു) സെൻറർ ഫോർ ഇൻറർനാഷനൽ ആൻഡ് റീജനൽ സ്റ്റഡീസ് 'ലോകകപ്പ് 2022ഉം ഖത്തറിലെ സ്ത്രീ ശാക്തീകരണവും'എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
കായിക ചാമ്പ്യൻഷിപ്പുകളിലും തീരുമാനങ്ങളെടുക്കുന്ന സുപ്രധാന പദവികളിലും സ്ത്രീകൾ എക്സിക്യൂട്ടിവ് ചുമതലകൾ നിർവഹിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഈയടുത്ത് വരെ ഫുട്ബാൾ കേവലം ഗെയിം മാത്രമാണെന്ന് ധരിച്ചിരുന്ന ജനങ്ങളുണ്ടായിരുന്നു. അതിന് പിന്നിൽ വ്യത്യസ്ത മേഖലകളിലായി നിരവധി പേരുടെ ശ്രമങ്ങളുണ്ടെന്നത് അവർ മനസ്സിലാക്കിയിരുന്നില്ല. ഖത്തറിലും മിന മേഖലയിലും നടക്കുന്ന കായിക ചാമ്പ്യൻഷിപ്പുകളും ടൂർണമെൻറുകളും എക്സിക്യൂട്ടിവ്, തീരുമാനമെടുക്കൽ തുടങ്ങി സുപ്രധാന പദവികളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സഹായകമായിട്ടുണ്ട് -അൽ നുഐമി വിശദീകരിച്ചു.
ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലൂടെ മിഡിലീസ്റ്റിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലുണ്ടാക്കുന്ന സ്വാധീനം പാനൽ ചർച്ച ചെയ്തു. ഇത്തരം ചർച്ചകൾക്ക് പുതിയ കാലത്ത് പ്രാധാന്യമുണ്ടെന്നും ഇതിനിയും തുടരുമെന്ന് പ്രതീക്ഷിക്കാമെന്നും അൽ നുഐമി സൂചിപ്പിച്ചു. ജി.യു.ക്യു അഡ്ജങ്റ്റ് അസി. പ്രഫസർ ഡോ. സർഖ പർവേസ് അബ്ദുല്ല, നോർത്ത് വെസ്റ്റേൺ യൂനിവേഴ്സിറ്റി ഖത്തർ റെസിഡൻസ് ഇൻ ദി കമ്യൂണിക്കേഷൻ േപ്രാഗ്രാം അസോ. പ്രഫസർ ഡോ. സൂസൻ ദുൻ എന്നിവരും പാനൽ ചർച്ചയിൽ പങ്കെടുത്തു. സെൻറർ ഫോർ ഇൻറർനാഷനൽ ആൻഡ് റീജനൽ സ്റ്റഡീസ് വിസിറ്റിങ് റിസർച് ഫെലോ ഡോ. ഡാനിയൽ റൈചെ മോഡറേറ്ററായിരുന്നു.
അഫ്റാ അൽ നുഐമി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫുട്ബാൾ ആരാധകർക്ക് സന്തോഷ വാർത്ത. 2022 ഫിഫ ലോകകപ്പ് ആസ്വദിക്കാൻ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് കുവൈത്ത് എയർവേസിൽ പറക്കാം. ലോകകപ്പ് സീസണിൽ 13 പ്രതിദിന വിമാനങ്ങൾ നടത്തുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ വിമാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തും. മത്സരങ്ങൾക്കും ഫ്ലൈറ്റ് ടിക്കറ്റും ഉൾപ്പെടെ 200 ദീനാർ മുതലുള്ള വിവിധ പാക്കേജുകളും പ്രഖ്യാപിച്ചു. ടിക്കറ്റും ഫ്ലൈറ്റുകളും ബുക്ക് ചെയ്തശേഷം, യാത്രക്കാർ ഹയ്യ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.
എയർവേസ് ഹോളിഡേയ്സ് ഓഫിസുകളും 171കാൾ സെന്ററും മത്സരങ്ങൾക്കും ഫ്ലൈറ്റുകൾക്കുമുള്ള ടിക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജുകൾ നടപ്പാക്കുമെന്നും കുവൈത്ത് എയർവേസ് സി.ഇ.ഒ മാൻ റസൂഖി പറഞ്ഞു. ടിക്കറ്റുകളും ഫ്ലൈറ്റുകളും ബുക്ക് ചെയ്ത ശേഷം, യാത്രക്കാർ മത്സരം കാണുന്നതിനായി ഖത്തറിന്റെ ഹയ്യ ആപ്ലിക്കേഷനിൽ വിശദാംശങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ ഇത് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ 'ഹയ്യ'വഴി ലഭിക്കും. അന്താരാഷ്ട്ര സന്ദർശകർക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായും ഇത് പ്രവർത്തിക്കും.
കുവൈത്ത് എയർവേയ്സ് വിമാനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.