ദോഹ: ഫിഫ ലോകകപ്പ് 2022 കാലയളവിൽ ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ പ്രൈവറ്റ് ജെറ്റ് ചാർട്ടർ ഡിവിഷനായ ഖത്തർ എക്സിക്യൂട്ടിവ് വിമാനങ്ങളുടെ പുറപ്പെടലിലും വരവിലും 550 ശതമാനം വർധനവ് രേഖപ്പെടുത്തി. ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥിതിചെയ്യുന്ന ഖത്തർ എക്സിക്യൂട്ടിവിന്റെ എഫ്.ബി.ഒ 2022 നവംബർ മുതൽ ഡിസംബർ വരെ കാലയളവിൽ വിമാനങ്ങളുടെ ആഗമനത്തിൽ 595 ശതമാനം വർധനവും പുറപ്പെടലിൽ 574 ശതമാനം വർധനവുമാണ് രേഖപ്പെടുത്തിയത്. ലോകകപ്പ് ഫൈനലിനുശേഷം ഇവിടെനിന്ന് 296 ജെറ്റുകളാണ് പറന്നുയർന്നത്.
ലോകകപ്പിന് മുന്നോടിയായി ദോഹയിലെ നിലവിലുള്ള ടെർമിനൽ ഖത്തർ എക്സിക്യൂട്ടിവ് നവീകരിക്കുകയും എഫ്.ബി.ഒ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫുഡ് ആൻഡ് ബിവറേജ്, ബാഗേജ് ഹാൻഡ്ലിങ്, സേവനങ്ങൾ നവീകരിക്കുക, അധിക ജീവനക്കാരെ പരിശീലിപ്പിക്കുക, ഓൺസൈറ്റ് സൗകര്യങ്ങൾ നവീകരിക്കുക എന്നിവയെല്ലാം ഇതിലുൾപ്പെടും. ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ സ്ട്രീം ചെയ്യുന്നതിന് ആരാധകർക്ക് മികച്ച കണക്ടിവിറ്റിക്കായി ടെർമിനലിലും ഫ്ലീറ്റിലും വൈഫൈ കണക്ഷനുകൾ നൽകുകയും ചെയ്തു.
‘‘ലോകകപ്പ് കാലയളവിൽ ഖത്തർ എക്സിക്യൂട്ടിവിന്റെ പ്രവർത്തനങ്ങളിൽ ഗണ്യമായ വളർച്ചയുണ്ടായിട്ടുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസമാണ് ഞങ്ങളുടെ വളർച്ചയിൽ പ്രതിഫലിച്ചത്. നവീകരണത്തിലും മികവിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണിത്’’ -ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. മൂന്ന് ഗൾഫ്സ്ട്രീം ജി.650 ഇ.ആർ ആണ് പുതുതായി വിമാനങ്ങളുടെ നിരയിലേക്കെത്തിയത്. അവയിൽ 19ൽ 15 എണ്ണവും 25 ശതമാനം വളർച്ചയിലുമെത്തി. ഇത് ഖത്തർ എക്സിക്യൂട്ടിവിനെ ജി.650 ഇ.ആറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉടമയും ഏക വാണിജ്യ ഓപറേറ്ററുമാക്കുന്നു. അത്യാധുനിക ബി.ആർ725 റോൾസ് റോയ്സ് എൻജിനാണ് ജി.650ഇ.ആറിലുള്ളത്. ഇത് മികച്ച ഇന്ധനക്ഷമതയും റെക്കോഡ് വേഗതയും നൽകും. 100 ശതമാനം സുസ്ഥിര വ്യോമയാന ഇന്ധനമുപയോഗിച്ച് പറക്കാനും സഹായിക്കും.
ദോഹ വിമാനത്താവളത്തിലെ എഫ്.ബി.ഒയിൽ സ്വകാര്യ ചാർട്ടറുകളുടെ വരവുകൾക്കും പുറപ്പെടലുകൾക്കും ഫ്ലൈറ്റ് കൈകാര്യം ചെയ്യൽ, യാത്രക്കാരെ കൈകാര്യം ചെയ്യൽ, ബാഗേജ് ഹാൻഡ്ലിങ്, കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ, ക്രൂ ലോഞ്ച്, ട്രാൻസിറ്റ് ക്രൂവിനും യാത്രക്കാർക്കുമുള്ള ഡേ റൂമുകൾ, ഇന്ധന വിതരണ ഏകോപനം എന്നീ സേവനങ്ങൾ ലഭ്യമായിരിക്കും. കൂടാതെ, എയർക്രാഫ്റ്റ് കാറ്ററിങ് കോഓഡിനേഷൻ, എയർ ട്രാഫിക് കൺട്രോൾ, സൗജന്യ വൈഫൈ, ഹോട്ടൽ ക്രമീകരണങ്ങൾ, ലിമോസിൻ സർവിസ് ക്രമീകരണങ്ങൾ എന്നീ സേവനങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.