ദോഹ: ലോകകപ്പ് വേളയിൽ എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമായി ഖത്തർ. ആവശ്യമായി വരുകയാണെങ്കിൽ സമഗ്രമായ മേജർ ഇൻസിഡൻറ് റെസ്പോൺസ് പ്ലാൻ പ്രവർത്തനക്ഷമമാക്കുന്നതിനും വിന്യസിക്കുന്നതിനും പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ തുടങ്ങി രാജ്യത്തെ പ്രധാന ആരോഗ്യ സ്ഥാപനങ്ങൾ ഇതിനകം തയാറായിക്കഴിഞ്ഞിട്ടുണ്ട്.
പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സ്പോർട് ഫോർ ഹെൽത്ത് പങ്കാളിത്തത്തിെൻറ ഭാഗമായി ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ദുരന്തനിവാരണ വിദഗ്ധരും ഏതടിയന്തര സാഹചര്യവും അപകടവും അഭിമുഖീകരിക്കുന്നതിന് ഖത്തറിന് പിന്തുണയുമായി രംഗത്തുണ്ട്.
സമീപ വർഷങ്ങളിലായി വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കും വലിയ പരിപാടികൾക്കും ഖത്തർ വേദിയായിട്ടുണ്ടെന്നും ഈ ടൂർണമെൻറുകളുടെയും ചാമ്പ്യൻഷിപ്പുകളുടെയും വിജയത്തിൽ ആരോഗ്യ മേഖല വലിയ പങ്കാണ് വഹിച്ചതെന്നും മന്ത്രാലയം അടിയന്തര വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഹാജിരി പറഞ്ഞു.2019 ഫിഫ ക്ലബ് ലോകകപ്പ്, 2019ലെ ഐ.എ.എ.എഫ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും ലോകകപ്പിന് മുമ്പായി മേജർ ഇൻസിഡൻറ് റെസ്പോൺസ് പ്ലാൻ നടപ്പാക്കുന്നതിനാവശ്യമായ വലിയ പരിചയ സമ്പത്ത് ഇതിലൂടെ കരസ്ഥമാക്കാൻ ആരോഗ്യ മേഖലക്കായിട്ടുണ്ടെന്നും ഡോ. അൽ ഹാജിരി വ്യക്തമാക്കി.
ഈയിടെയായി സംഘടിപ്പിച്ച മാസ് കാഷ്വാലിറ്റി സിമുലേഷൻ എക്സർസൈസിലൂടെ അപകടങ്ങൾ നേരിടാനുള്ള പദ്ധതികളിൽ ആരോഗ്യമേഖല പരിശീലനം നേടിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടനക്ക് കീഴിൽ നിരവധി ശിൽപശാലകളും മോക് ഡ്രില്ലുകളും നടക്കുകയും ആരോഗ്യ മേഖലയുടെ അപകടങ്ങൾ നേരിടാനുള്ള ശേഷി പരിശോധിക്കുകയും ചെയ്തു -ഡോ. അൽ ഹാജിരി വിശദീകരിച്ചു.
പൊതുജനാരോഗ്യ മന്ത്രാലയവുമായും ഖത്തറിലെ മറ്റു പ്രധാന ആരോഗ്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമെന്ന് ഖത്തറിലെ ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. റയാന ബൂ ഹാക പറഞ്ഞു.വലിയ അപകടങ്ങളിൽ അടിയന്തര സേവനം ലഭ്യമാക്കുകയാണ് ആംബുലൻസ് സർവിസുകളുടെ പ്രധാന ഉത്തരവാദിത്തമെന്നും ലോകകപ്പ് കാലയളവിൽ എല്ലാ സ്റ്റേഡിയത്തിന് സമീപത്തും ഏതടിയന്തര സാഹചര്യവും നേരിടാൻ മൊബൈൽ കമാൻഡ് യൂനിറ്റ് സജ്ജമാണെന്നും എച്ച്.എം.സി ആംബുലൻസ് സർവിസ് ഇവൻറ് ആൻഡ് എമർജൻസി പ്ലാനിങ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ സാലിഹ് അൽ മിഖറഹ് പറഞ്ഞു.
മൊബൈൽ കമാൻഡ് യൂനിറ്റുകൾക്ക് പുറമേ, സ്റ്റേഡിയത്തിന് സമീപം മത്സരദിവസങ്ങളിൽ മേജർ ഇൻസിഡൻറ് റെസ്പോൺസ് വാഹനം സജ്ജമായിരിക്കുമെന്നും അൽ മിഖറഹ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.