ഖത്തർ സൂപ്പർ താരം അക്രം അഫീഫ് സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിൽ
ദോഹ: നാലു മാസത്തെ ഇടവേളക്കുശേഷം ഖത്തർ വീണ്ടും ലോകകപ്പ് യോഗ്യത പോരാട്ടങ്ങളുടെ തിരക്കിലേക്ക്. 2026ലെ അമേരിക്ക, കാനഡ, മെക്സികോ ലോകകപ്പ് സ്വപ്നങ്ങൾ നിലനിർത്താൻ ഇനി ഒരു ചുവട് പോലും പിഴക്കാൻ പാടില്ലെന്ന യാഥാർഥ്യബോധവുമായി ലൂയി ഗാർഷ്യയുടെ കീഴിൽ അന്നാബിൽ സ്വന്തം മണ്ണിൽ ബൂട്ട് കെട്ടുന്നു.
വ്യാഴാഴ്ച രാത്രി 9.15ന് ഉത്തര കൊറിയക്കെതിരെ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ വർഷം നവംബർ 19ന് യു.എ.ഇയോടേറ്റ അഞ്ച് ഗോൾ തോൽവിയുടെ നിരാശയിൽ സ്വപ്നങ്ങളെല്ലാം തകർന്നിടത്തുനിന്ന് ഉയിർത്തെഴുന്നേൽപിലാണ് ഖത്തർ. കോച്ച് മാർക്വേസ് ലോപസിനെ മാറ്റി സഹപരിശീലകനായ ലൂയി ഗാർഷ്യ പുതിയ കോച്ചായി ഡിസംബറിലാണ് സ്ഥാനമേറ്റത്. അദ്ദേഹത്തിനു കീഴിൽ അറേബ്യൻ ഗൾഫ് കപ്പിൽ കളിച്ച് പുത്തൻ ഊർജവുമായി കളത്തിലേക്ക് തിരികെയെത്തുന്ന ഖത്തറിൽനിന്ന് ആരാധകരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച നോർത്ത് കൊറിയയെ സ്വന്തം മണ്ണിൽ നേരിടുമ്പോൾ, 25ന് കിർഗിസ്താനെതിരെ എതിരാളിയുടെ മണ്ണിലെത്തി നേരിടും.
ലോകകപ്പിന്റെയും 2027 ഏഷ്യൻ കപ്പിന്റെയും യോഗ്യത തേടിയാണ് വൻകരയിലെ വമ്പന്മാർ മാറ്റുരക്കുന്നത്. മൂന്നാം റൗണ്ടിലെ ഗ്രൂപ് ‘എ’യിൽ ആറ് ടീമുകൾ മാറ്റുരക്കുമ്പോൾ നാലാം സ്ഥാനത്താണ് ഖത്തറുള്ളത്. ആറ് കളിയിൽ രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി ടീമിന് ഏഴ് പോയന്റാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. എന്നാൽ, ഇറാൻ (16), ഉസ്ബകിസ്താൻ (13) എന്നിവർ വെല്ലുവിളികളില്ലാതെ മുൻനിരയിലുണ്ട്. മൂന്നാമതുള്ള യു.എ.ഇക്ക് 10 പോയന്റുമാണുള്ളത്. ആദ്യ രണ്ടിൽ ഇടം നേടി മുന്നേറാൻ ഖത്തറിന് ശേഷിക്കുന്ന നാല് കളിയും ജയിക്കുകയും, എതിരാളികളുടെ മത്സര ഫലങ്ങൾ അനുകൂലമായി മാറുകയും വേണം.
മൂന്നും നാലും സ്ഥാനക്കാർക്ക് നാലാം റൗണ്ടിൽ ഇടം നേടിയാലും ലോകകപ്പ് യോഗ്യതക്ക് അവസരമുണ്ട്. നിർണായക മത്സരങ്ങൾ മുന്നിൽ നിൽക്കെ ഏറെ കരുതലോടെയാണ് കോച്ച് ഗാർഷ്യ ടീമിനെ ഒരുക്കിയത്. അറേബ്യൻ കപ്പിൽനിന്നു പുറത്തിരുത്തിയ സീനിയർ താരങ്ങളെയെല്ലാം തിരികെ വിളിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ചകളായി കടുത്ത പരിശീലനവുമായാണ് ടീം തയാറെടുക്കുന്നത്. അക്രം അഫീഫ്, അൽ മുഈസ് അലി കൂട്ട് ആക്രമണത്തിലേക്ക് തിരികെയെത്തുമ്പോൾ, ബൗലിം ഖൗഖി, അബ്ദുൽ കരീം ഹസൻ, അബ്ദുൽ അസീസ് ഹാതിം, പെഡ്രോ മിഗ്വേൽ, എഡ്മിൽസൺ ജൂനിയർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പെഡ്രോയും എഡ്മിൽസണും പരിക്ക് മാറിയാണ് ടീമിനൊപ്പം ചേർന്നത്.
കൊറിയക്കെതിരെ മികച്ച റെക്കോഡാണ് ഖത്തറിനുള്ളത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ മത്സരത്തിൽ 2-2ന് സമനില പാലിച്ചിരുന്നു. അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് വിജയം ഖത്തറിനായിരുന്നു. മൂന്ന് കളി സമനിലയിലായി. എന്നാൽ, പ്രതിരോധത്തിൽ മിടുക്കരായ കൊറിയൻ സംഘം അവസാന മത്സരത്തിൽ ഉസ്ബകിസ്താനെതിരെ 1-0ത്തിനാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.