ദോഹ: ലോകകപ്പിന് വിരുന്നെത്തുന്ന സ്പാനിഷ് ടീമിന്റെ പരിശീലനവും താമസവുമെല്ലാം ഖത്തർ യൂനിവേഴ്സിറ്റിക്കുള്ളിൽ. ലയണൽ മെസ്സിയുടെ അർജന്റീന ടീമിന്റെ അയൽക്കാരായാവും സെർജിയോ ബുസ്ക്വറ്റ്സിന്റെ ലാ റോഹയുടെയും തയാറെടുപ്പ്. സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനാണ് തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഖത്തർ യൂനിവേഴ്സിറ്റിക്കുള്ളിൽ ബേസ് ക്യാമ്പ് അനുവദിക്കണമെന്ന അപേക്ഷ ഫിഫ അംഗീകരിച്ചതായി സ്പാനിഷ് സോക്കർ ഫെഡറേഷൻ അറിയിപ്പിൽ വ്യക്തമാക്കി.
സർവകലാശാല കാമ്പസിനകത്തെ രണ്ടു പരിശീലന മൈതാനങ്ങൾ ടീമിന് ഉപയോഗപ്പെടുത്താൻ കഴിയും. ഇതിനു പുറമെ, ജിംനേഷ്യം, ടെക്നിക്കൽ ഏരിയ, മീറ്റിങ് റൂം തുടങ്ങിയ രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ടീമിനായുണ്ട്.
ദോഹ വിമാനത്താവളത്തിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ബേസ് ക്യാമ്പ് സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉൾപ്പെടെ സൗകര്യമാവുമെന്ന് അധികൃതർ വിശദീകരിച്ചു.
കോച്ച് ലൂയി എന്റിക്വെ, കോച്ചി സ്റ്റാഫ് എന്നിവരുടെ നിർദേശ പ്രകാരമാണ് ബേസ് ക്യാമ്പ് കണ്ടെത്തിയതെന്ന് ഫെഡറേഷൻ അറിയിച്ചു. നവംബർ 23ന് അൽ തുമാമ സ്റ്റേഡിയത്തിൽ കോസ്റ്ററീകക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം. 20 കിലോമീറ്ററാണ് ബേസ് ക്യാമ്പിൽനിന്നു സ്റ്റേഡിയത്തിലേക്കുള്ള ദൂരം. ജർമനിയും ജപ്പാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
വിശാലമായ സൗകര്യങ്ങളുള്ള സർവകലാശാല കാമ്പസിനെ അർജന്റീന ടീമാണ് ആദ്യമായി ബേസ് ക്യാമ്പായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.