യാംബു: സൗദിയിൽ വിനോദസഞ്ചാര വ്യവസായ മേഖലയിൽ മാനവശേഷി വികസനം സാധ്യമാക്കാനും സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ നൽകാനും ലക്ഷ്യമിട്ട് ബൃഹത്തായ പദ്ധതിയാണ് ടൂറിസം മന്ത്രാലയം ആവിഷ്കരിച്ചിട്ടുള്ളത്. സൗദി യുവാക്കളെ പരിശീലിപ്പിക്കാൻ 100 ശതകോടി ഡോളർ നിക്ഷേപിക്കാനും മന്ത്രാലയം തീരുമാനിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഈ വർഷംതന്നെ ഒരു ലക്ഷം സ്വദേശി യുവതീയുവാക്കളെ പരിശീലിപ്പിക്കുന്ന പരിപാടിക്കാണ് കഴിഞ്ഞദിവസം തുടക്കമായത്. കൂടുതൽ സൗദി പൗരന്മാരെ ഈ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ 2020 അവസാനത്തോടെ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് പുതിയ പദ്ധതി. യുവാക്കളെ ടൂറിസം മേഖലയിലേക്ക് ആനയിക്കാൻ ഇപ്പോൾ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്നും വിനോദസഞ്ചാര മേഖലയെ പ്രാദേശികമായും ആഗോളതലത്തിലും പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുറ്റ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുക എന്നത് വിഷൻ 2030 പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ കൂടി ഭാഗമാണെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ-ഖതീബ് പറഞ്ഞു. ടൂറിസം മേഖലയെ ശാക്തീകരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്ന പദ്ധതിയാണിത്. യുവാക്കൾക്ക് ശരിയായ വൈദഗ്ധ്യവും പിന്തുണയും വിനോദസഞ്ചാര വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ഇതുവഴി നൽകാൻ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യു.കെ, ആസ്ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രമുഖ ആഗോള സ്ഥാപനങ്ങളിലെ സ്കോളർഷിപ്പോടുകൂടിയ പരിശീലന പദ്ധതികളിൽ സൗദി യുവാക്കൾക്ക് പങ്കെടുക്കാൻ അവസരം നൽകും. പുതിയ ബിരുദധാരികളിൽനിന്ന് മാത്രമല്ല, വ്യവസായ രംഗത്ത് ഇതിനകം പ്രവർത്തിക്കുന്ന സൗദികളിൽനിന്നും ടൂറിസം, ഹോസ്പിറ്റാലിറ്റി, പാചക, സേവനം, വിൽപന മേഖലകളിലുള്ളവരിൽനിന്നുകൂടി പ്രോഗ്രാമിൽ പങ്കെടുക്കാൻ അപേക്ഷകൾ ക്ഷണിക്കുമെന്നും അധികൃതർ അറിയിച്ചു. ടൂറിസം തൊഴിലുകൾ സൗദിവത്കരിക്കാനും യോഗ്യരായ സൗദി യുവതീയുവാക്കളെ ലഭ്യമാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതികൾ പൂർത്തിയാക്കുന്നതിലൂടെ വൻ കുതിപ്പിനാണ് ആക്കം കൂടുക എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.