ജുബൈൽ: തൊഴിൽ, വിസ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായവരിൽ 10,335 പേരെ ഒരാഴ്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തി. രാജ്യത്തിന്റെ വിവിധമേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച മൊത്തം 16,606 പേരെയാണ് കഴിഞ്ഞ സെപ്റ്റംബർ എട്ടു മുതൽ 14 വരെയുള്ള കാലയളവിൽ പിടികൂടിയത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനക്കിടയിലാണ് അറസ്റ്റ്.
അറസ്റ്റിലായവരിൽ 9,895 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ചത് 4,422 പേരാണ്. 2,289 പേർ തൊഴിൽനിയമം ലംഘിച്ചവരും. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 362 പേരും. ഇതിൽ 60 ശതമാനവും എത്യോപ്യക്കാരാണ്. 35 ശതമാനം യമനികളും. ബാക്കി അഞ്ചു ശതമാനം മറ്റ് രാജ്യക്കാരാണ്. നിയമലംഘകർക്ക് അഭയം നൽകിയ 18 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതുവരെ പിടിയിലായ നിയമലംഘകരിൽ 46,754 പേർ ശിക്ഷാനടപടിക്രമങ്ങൾക്ക് വിധേയരായി. അതിൽ 43,660 പുരുഷന്മാരും 3,094 സ്ത്രീകളുമാണ്.ഇവരിൽ 36,385 പേരുടെ യാത്രാരേഖകൾക്കായി അതത് എംബസികളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിലാണ് 10,335 നിയമലംഘകരെ നാടുകടത്തിയത്. 1,951 പേരുടെ യാത്രാനടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.
അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽവരെ പിഴ ചുമത്തും. കൂടാതെ, അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. ഗതാഗതത്തിന് സഹായം നൽകിയ വാഹനങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.