റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 66 രാജ്യങ്ങളിൽനിന്ന് ആയിരംപേർക്ക് ഉംറ തീർഥാടനം നടത്താൻ അവസരമൊരുക്കി സൗദി അറേബ്യ. എല്ലാ വർഷവും ഇതുപോലെ 1000പേർക്ക് അവസരമൊരുക്കാറുണ്ട്. ഈ വർഷവും അത്രയും പേരെത്തി ഉംറ നിർവഹിക്കും.
66 രാജ്യങ്ങളിൽനിന്ന് ഇവർ നാല് ഗ്രൂപ്പുകളായാണെത്തുക. ഇതിനുള്ള അനുമതി സൽമാൻ രാജാവ് നൽകി. മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സിയാറ പ്രോഗ്രാമി’ന് കീഴിലാണ് ഈ തീർഥാടകർക്ക് വരാനും കർമങ്ങൾ നിർവഹിക്കാനും സൗകര്യമൊരുക്കുക. തീർഥാടകരുടെ മുഴുവൻ ചെലവുകളും സൗദി ഭരണകൂടമാണ് വഹിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള1,000 തീർഥാടകർക്ക് ഉംറക്ക് ആതിഥേയത്വം അരുളാനുള്ള താൽപര്യത്തിനും ഉദാരതക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ആലുശൈഖ് നന്ദി അറിയിച്ചു.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സൗദി ഭരണകൂടം സ്വീകരിക്കുന്ന വലിയ ശ്രദ്ധയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഇസ്ലാമിക വ്യക്തികൾ, പണ്ഡിതന്മാർ, ശൈഖുമാർ, ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ എന്നിവരും അതിഥികളായി എത്തുന്നവരിലുണ്ടാവും. അവരുമായി ആശയവിനിമയത്തിനുള്ള സാധ്യതകളാണ് ഇതിലൂടെ വികസിക്കുന്നത്. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പ്രോഗ്രാമിന് കീഴിൽ ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങൾ വരുന്നു. പ്രോഗ്രാം ആരംഭിച്ചത് മുതൽ ഈ വർഷം വരെ ഇതിന്റെ പ്രയോജനം നേടിയ രാജ്യങ്ങളുടെ എണ്ണം 140ലധികമായി.
സുരക്ഷിതമായി ഉംറ നിർവഹിച്ചു മടങ്ങുന്നതുവരെ അവർക്ക് സേവനം നൽകുന്നു. രാജകൽപന വന്നതു മുതൽ ഏറ്റവും ഉയർന്ന കൃത്യതയിലും ഗുണനിലവാരത്തിലും അത് നടപ്പാക്കാൻ മന്ത്രാലയം അതിന്റെ എല്ലാ ഊർജവും വിനിയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന കമ്മിറ്റികൾ വേണ്ട പ്രോഗ്രാമുകൾ ഒരുക്കുന്നു.
അതിഥികൾക്ക് ഉംറ കർമങ്ങൾ നിർവഹിക്കാനും മക്കയിലെയും മദീനയിലെയും ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനും ഇരുഹറമുകളിലെ പണ്ഡിതന്മാരെയും ഇമാമുമാരെയും കാണാനും ഇതിന്റെ ഭാഗമായി അവസരമൊരുക്കുമെന്നും മതകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.