ജിദ്ദ: ഹജ്ജ് തീർഥാടകരുടെ ബസ് യാത്രക്കുള്ള പദ്ധതികൾ പൂർത്തിയായി. 60,000 തീർഥാടകരുടെ യാത്രക്കുവേണ്ട സംവിധാനങ്ങളാണ് മക്ക ജനറൽ സിൻഡിക്കേറ്റ് ഒാഫ് കാർ ഒാഫിസിന് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്.തീർഥാടകരുടെ യാത്രക്ക് 1,500 ബസുകളുണ്ടാകുമെന്ന് കാർ സിൻഡിക്കേറ്റ് ഒാഫിസ് മേധാവി അബ്ദുറഹ്മാൻ അൽഹർബി അറിയിച്ചു.
ഹജ്ജ്-ഉംറ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ 54 ഗതാഗത കമ്പനികളിലൂടെയാണ് ഇത്രയും ബസുകൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ, അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ 100 ബസുകളുമുണ്ടാകും. നൂതനമായ ആശയവിനിമയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതാണ് ഒരോ ബസുകളും. പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്രക്കാണ് ഇത്രയും വാഹനങ്ങൾ ഉപയോഗിക്കുക. ദുൽഹജ്ജ് ഏഴ് മുതൽ സർവിസ് ആരംഭിക്കും.
സാമൂഹിക അകലം പാലിക്കാനായി ഒരു ബസിൽ 20 തീർഥാടകരാണുണ്ടാവുക. ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലായി നാല് പാതകളുണ്ടാകും. ഓരോ പാതയെയും തീർഥാടകരുടെ താമസസ്ഥലവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുഴുവൻ ബസുകൾക്കുള്ളിലും ആരോഗ്യ മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അണുമുക്തമാക്കാൻ യാത്രക്കിടയിൽ സാനിറ്റൈസർ വിതരണം ചെയ്യും. ഓരോ ബസിനുള്ളിലും ആരോഗ്യപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ ഗതാഗത കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്.
ജോലിക്കാർ കോവിഡ് വാക്സിൻ എടുത്തവരായിരിക്കണം. അതിനായി ഗതാഗത കമ്പനികളെ നിർബന്ധിക്കും. സാങ്കേതിക വിദഗ്ധർ, ഡ്രൈവർമാർ, സൂപ്പർവൈസർമാർ, യാത്ര അയക്കുന്നവർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിങ്ങനെ ജോലികളിലുള്ളവർക്ക് ഇതു ബാധകമാണെന്നും കാർ സിൻഡിക്കേറ്റ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.