ജിദ്ദയിൽ കുടിയൊഴിപ്പിക്കപ്പെട്ട 19,000 കുടുംബങ്ങൾക്ക് വീട്ടുവാടക നൽകി

ജിദ്ദ: നഗരവികസനത്തിന്റെ ഭാഗമായി ജിദ്ദയിൽ കുഴിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികളായ 19,000 കുടുംബങ്ങൾക്ക് 432 ദശലക്ഷത്തിലധികം റിയാൽ വാടക നൽകിയതായി ജിദ്ദ മേഖല ചേരിവികസന സമിതി അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ആരംഭിച്ചതു മുതൽ ഇന്നുവരെയുള്ള കണക്കാണിത്. ചേരിനിവാസികളായ പൗരന്മാർക്ക് ഭരണകൂടം സൗജന്യ സേവന പാക്കേജ് ഒരുക്കിയിട്ടുണ്ട്. ഇതിൽ 19,983 കുടുംബങ്ങൾക്ക് താൽക്കാലിക വീടോ വീട്ടുവാടകയോ നൽകി.

സാമൂഹികസുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമായ 269 പേർക്ക് ജോലി നൽകി. ഭക്ഷ്യക്കിറ്റുകൾ, കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ, കുട്ടികൾക്കുള്ള പാൽ എന്നിവയുടെ വിതരണം, വീട്ടുസാധനങ്ങളും മറ്റും എത്തിക്കൽ എന്നിവ ഉൾപ്പെടെ ആകെ നൽകിയ സേവനങ്ങളുടെ എണ്ണം 96,000 ആയി. ഭവനപദ്ധതിയിൽ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.ആദ്യത്തേത് ചേരികളിൽ താമസിക്കുന്നവരും സാമൂഹികസുരക്ഷ പദ്ധതിയിൽ അംഗങ്ങളുമായ കുടുംബങ്ങളാണ്.

രണ്ടാമത്തെ വിഭാഗം ചേരികളിൽ താമസിക്കുന്നവരും രേഖകൾ ഉള്ളവരും വീടുകൾ പൊളിച്ചുമാറ്റിയവരുമായ കുടുംബങ്ങളാണ്. ഇവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതുവരെ ഭരണകൂടം ഭവനയൂനിറ്റുകൾ വാടകക്കു നൽകിയിട്ടുണ്ട്. മൂന്നാമത്തെ വിഭാഗം സാമൂഹികസുരക്ഷ പദ്ധതി ഗുണഭോക്താക്കളല്ലാത്തവരും രേഖകൾ ഇല്ലാത്തവരുമാണ്.

ഇവരുടെ അവസ്ഥ പഠിക്കുകയും തുടർന്ന് അവരെ പുനരധിവസിപ്പിക്കുകയും ചെയ്യും. ഇനി കെട്ടിടം പൊളിച്ച് നീക്കംചെയ്യാനുള്ള ചേരിപ്രദേശങ്ങളിലെ മൂന്നു വിഭാഗങ്ങൾക്കും ഇതേപോലെയായിരിക്കും നടപടികളെന്നും കമ്മിറ്റി സൂചിപ്പിച്ചു.

Tags:    
News Summary - 19,000 displaced families in Jeddah were given house rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.