എണ്ണ ഉല്‍പാദനം 15 ലക്ഷം ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് തീരുമാനം

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിടിവിന്‍െറ പ്രതിസന്ധി തുടരുമ്പോഴും ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് കൂട്ടായ്മ തീരുമാനിച്ചു. വെള്ളിയാഴ്ച വിയന്നയില്‍ ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗമാണ് ദിനേനയുള്ള ക്വാട്ട 30 ദശലക്ഷം ബാരലില്‍ നിന്ന് 31.5 ദശലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഒപെക് കൂട്ടായ്മയിലേക്ക് തിരിച്ചുവന്ന ഇന്തോനേഷ്യയുടെ വിഹിതം എന്ന നിലക്കാണോ പുതിയ വര്‍ധനവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിലവര്‍ധനവിനെ നേരിടാന്‍ ഉല്‍പാദനം കുറക്കണമെന്ന നിര്‍ദേശത്തെ വിയന്ന സമ്മേളനത്തിന് മുമ്പ് തന്നെ അംഗരാജ്യങ്ങള്‍ തള്ളിയിരുന്നു. ഒപെകിന് പുറത്തള്ള റഷ്യ, മെക്സിക്കോ തുടങ്ങിയ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂടി സഹകരണമില്ലാതെ ഉല്‍പാദനവും വിലയും നിയന്ത്രിക്കാനാവില്ളെന്നാണ് അംഗരാജ്യങ്ങള്‍ അഭിപ്രായപ്പെട്ടത്. ഉല്‍പാദനം കുറക്കാനള്ള നിര്‍ദേശം സ്വീകാര്യമല്ളെന്നും അത്തരത്തിലുള്ള നീക്കത്തിന് തയ്യാറല്ളെന്നും സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സമ്മേളനത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. ഒപെക് വിഹിതത്തിന്‍െറ മൂന്നിലൊന്ന് ഉല്‍പാദിപ്പിക്കുന്നത് സൗദി അറേബ്യയാണ്. ഉല്‍പാദനം കുറക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ വിയന്ന യോഗത്തിലെ തീരുമാനം സുപ്രധാനമായിരുന്നു. 
എന്നാല്‍, പ്രതിദിനം 15 ലക്ഷം ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉല്‍പാദനം കുറക്കുന്ന കാര്യം പരിഗണനയിലില്ളെന്ന് സൗദി പെട്രോളിയം മന്ത്രി അലി അന്നുഐമി സമ്മേനളത്തിന് തൊട്ടു മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. സമ്മേളന വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്. വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമായ സൗദി ഉല്‍പാദനം കുറക്കാമെന്ന നിലപാടില്‍ എത്തിയിട്ടുണ്ടെന്ന പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. വിപണി എല്ലാവരുടേതാണെന്നും ഒപെക് സമ്മേളനം സൗഹാര്‍ദപരമായിരിക്കുമെന്നും നുഐമി കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.