ഫലസ്തീന്‍ പ്രശ്നം പ്രഥമപ്രധാനം – സല്‍മാന്‍ രാജാവ്

റിയാദ്: ബാഹ്യഭീഷണികളെയും വെല്ലുവിളികളെയും നേരിടാന്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കേണ്ട സങ്കീര്‍ണമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഗള്‍ഫ് അറബ് മേഖല കടന്നുപോകുന്നതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ജി.സി.സിയുടെ നായകപദവിയേറ്റെടുത്ത് റിയാദ് ഉച്ചകോടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
ഫലസ്തീന്‍ പ്രശ്നമാണ് ജി.സി.സി, അറബ് നാടുകള്‍ക്കെല്ലാം പ്രഥമപ്രധാനം. ഖുദ്സ് തലസ്ഥാനമായി സ്വതന്ത്രഫലസ്തീന്‍ സ്ഥാപിച്ച് അന്നാടിന്‍െറ പൗരന്മാരുടെ അവകാശങ്ങള്‍ വീണ്ടെടുത്തു കൊടുക്കണം. യമനില്‍ പുരോഗതിയും വികസനവും ലഭ്യമാക്കാന്‍ സഹായകമായ വിധത്തില്‍ നിയമാനുസൃത ഭരണകൂടത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്നതെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ജനീവ പ്രമേയത്തിന്‍െറ അടിസ്ഥാനത്തിലുള്ള രമ്യമായ രാഷ്ട്രീയപരിഹാരത്തിലൂടെ സിറിയന്‍ പ്രശ്നം പരിഹരിക്കണമെന്നും അതിനാണ് പ്രതിപക്ഷകക്ഷികളുടെ യോഗത്തിന് റിയാദ് ആതിഥ്യമരുളുന്നതെന്നും രാജാവ് പറഞ്ഞു. 
 ജി.സി.സി പിന്നിട്ട 35 വര്‍ഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും മതിയായ സമയമാണെന്നും അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ വിയോജിപ്പും വഴക്കുകളും അവസാനിപ്പിച്ച് സക്രിയമായ പരസ്പര പുരോഗതിക്കു വേണ്ടി കൂട്ടായി യത്നിക്കാന്‍ ശ്രമം നടത്താന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. 
ഭീകരതയാണ് അറബ് മേഖല നേരിടുന്ന മുഖ്യ പ്രശ്നമെന്നും അതിന്‍െറ മൗലികകാരണങ്ങള്‍ കണ്ടത്തെി സമൂലമായ പരിഹാരമാണ് വേണ്ടതെന്നും ജി.സി.സി അധ്യക്ഷപദവി ഒഴിഞ്ഞു നടത്തിയ പ്രഭാഷണത്തില്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി ഓര്‍മിപ്പിച്ചു. ഇസ്ലാമിനെ ഭീകരതയും പിഴച്ച ചിന്തകളുമായി കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പിക്കണമെന്നും ലിബിയ, സിറിയ, ഇറാഖ് പ്രശ്നങ്ങളില്‍ ജനഹിതത്തിനൊത്ത് നിയമാനുസൃതമായ പരിഹാരം ഉരുത്തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അസ്സയാനി എല്ലാ രാഷ്ട്രസാരഥികള്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. ജി.സി.സി വേദിയുടെ ഒറ്റക്കെട്ടായുള്ള മുന്നോട്ടു പോക്കിന് അദ്ദേഹം ആഹ്വാനം ചെയ്തു.
36ാമത് ജി.സി.സി ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ അംഗരാജ്യ തലവന്മാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിനിധിസംഘമാണ് റിയാദില്‍ എത്തിയിരിക്കുന്നത്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അതിഥികളെ നേരിട്ട് സ്വീകരിച്ചു. 
കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, വിദേശകാര്യ മന്ത്രി ഡോ. ആദില്‍ ജുബൈര്‍, സാംസ്കാരിക മാധ്യമമന്ത്രി ഡോ. ആദില്‍ അത്തുറൈഫി തുടങ്ങിയവരും സ്വീകരണത്തില്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.