നട്ടെല്ലു വളക്കാത്തതിനാല്‍  സിനിമ കുറഞ്ഞു -കൊല്ലം തുളസി

ദമ്മാം: നട്ടെല്ലു വളക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് തനിക്ക് പടങ്ങള്‍ ഇല്ലാതായതെന്ന് ചലച്ചിത്ര താരം കൊല്ലം തുളസി. തമിഴ് സിനിമയില്‍ കിട്ടിയ ശ്രദ്ധേയമായ വേഷം പോലും മലയാളത്തില്‍ തനിക്ക് ചെയ്യാനായില്ല. നായകന്മാരുടെ താല്‍പര്യത്തിനനുസരിച്ച് സംവിധായകര്‍ നട്ടെല്ലുവളച്ചുതുടങ്ങിയതുമുതല്‍ മലയാള സിനിമയുടെ കഷ്ടകാലവും ആരംഭിച്ചു. 
പുതിയ തലമുറയില്‍ കഴിവുള്ളവര്‍ ഏറെയുണ്ടെങ്കിലും അധികവും കാമ്പില്ലാത്ത കഥകളാണ് പിറക്കുന്നത്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ വേഷങ്ങള്‍ അഭിനയിച്ച നടനാണ് താന്‍. മന്ത്രിമാരുടെ കള്ളഭാവങ്ങള്‍ എന്നില്‍ കൂടുതല്‍ മിന്നിനില്‍ക്കുന്നുന്നതായി സംവിധായകര്‍ മനസിലാക്കിയിരിക്കണമെന്നും ദമ്മാമിലത്തെിയ കൊല്ലം തുളസി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചുകാട്ടുന്ന മാധ്യമങ്ങളാണ് ബി.ജെ.പിക്ക് ഫാഷിസ്റ്റ് മുഖം നല്‍കുന്നതെന്നും ബി.ജെ.പി സഹയാത്രികനായ തുളസി പറഞ്ഞു. കാന്‍സറിനെ അതിജീവിച്ച തനിക്ക് ദൈവം തന്ന അധിക കാലത്തെ സജീവമാക്കാനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.  കടല്‍ കിഴവന്‍മാര്‍ കട്ടുമുടിക്കുന്ന രാജ്യത്ത് പ്രതീക്ഷയുടെ തിരി തെളിക്കാനാണ് ബി.ജെ.പി ക്കൊപ്പം ചേര്‍ന്നത്. സജീവ കോണ്‍ഗ്രസുകാരനായിരുന്ന താന്‍ 12ാം വയസില്‍ ജയ് വിളിച്ചവര്‍ തന്നെയാണ് ഇന്നും കോണ്‍ഗ്രസിലെ നേതാക്കന്മാര്‍. മിക്ക പാര്‍ട്ടികളിലും സമാനമായ അവസ്ഥയാണുള്ളത്.  പ്രധാനമന്ത്രിയുടെ വേദിയില്‍ പങ്കെടുക്കാതെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുന്ന എം.പി മാരുടെ നാടായി കേരളം മാറുകയാണ്. 
ദിശതെറ്റിയവര്‍ക്ക് ഏറെ പ്രതീക്ഷയോടെ ദിശ കാട്ടാനിറങ്ങിയ തനിക്ക് പക്ഷെ നിരാശയാണന്നും അദ്ദേഹം പറഞ്ഞു. നാടിന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. വികസന സ്വപ്നങ്ങളെ അട്ടിമറിക്കാന്‍ ദിശാബോധമില്ലാത്തവര്‍ക്കൊപ്പം അവരും കൂടുകയാണ്. 
വിഴിഞ്ഞം പദ്ധതിക്കെതിരെ ഉയരുന്ന എതിര്‍പ്പ് അതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.