സൗദി എയര്‍ലൈന്‍സിന്‍െറ നഷ്ടം  യാത്രക്കാരില്‍ ചുമത്തരുത് – ശൂറ കൗണ്‍സില്‍

റിയാദ്: ആഭ്യന്തര റൂട്ടിലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് സൗദി എയര്‍ലൈന്‍സ് അതിന്‍െറ നഷ്ടം നികത്താന്‍ ശ്രമിക്കരുതെന്നും മറ്റു മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. 
ഇന്ധനത്തിന് സര്‍ക്കാര്‍ സബ്സിഡി ലഭിച്ചിട്ടും ആഭ്യന്തര റൂട്ടില്‍ ഒരു പരിധിവരെ കുത്തക നിലനിര്‍ത്തുന്ന എയര്‍ലൈന്‍സ് എന്തുകൊണ്ട് നഷ്ടത്തിലായി എന്നതിന്‍െറ കാരണം പഠിക്കേണ്ടതുണ്ട്. ബജറ്റ് എയര്‍ലൈനുകള്‍ ചെലവുചുരുക്കി ലാഭകരമായി നടത്തുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സൗദി എയര്‍ലൈന്‍സ് മാത്രം പ്രതിസന്ധി നേരിടുന്നത്. വിശാലമായ ആഭ്യന്തര റൂട്ടില്‍ കമ്പനിക്ക് നല്ല വിജയസാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയിലേക്ക് വരുന്ന അന്താരാഷ്ട്ര റൂട്ടിലെ യാത്രക്കാര്‍ ഗള്‍ഫ് എയര്‍ പോലുള്ള അയല്‍രാജ്യങ്ങളിലെ വിമാനങ്ങളെയും വിമാനത്താവളങ്ങളെയും എന്തുകൊണ്ടാണ് അവലംബിക്കുന്നത്. രാജ്യത്തിന്‍െറ കിഴക്കന്‍ പ്രവിശ്യയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര വിമാനത്താവളമുണ്ടായിട്ടും അന്താരാഷ്ട്ര റൂട്ടില്‍ എന്തുകൊണ്ടാണ് ആവശ്യത്തിന് വിമാനങ്ങള്‍ ലഭ്യമല്ലാത്തത്. 
സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനം താരതമ്യേന കുറവാണെന്ന് ശൂറ കൗണ്‍സില്‍ അംഗം അസ്സാഫ് അബൂസുനൈന്‍ പറഞ്ഞു. ആഭ്യന്തര റൂട്ടില്‍ ആവശ്യത്തിന് ഇതര യാത്രാമാര്‍ഗങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് പൗരന്മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ഡോ. അബ്ദുല്ല നസീഫ് കൂട്ടിച്ചേര്‍ത്തു. ഇതര എയര്‍ലൈനുകളുടെ സേവനവുമായി സൗദി എയര്‍ലൈന്‍സിന്‍െറ സേവനം താരതമ്യം ചെയ്യണമെന്നും കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കണമെന്നും ഗതാഗത സമിതി അഭിപ്രായപ്പെട്ടു. വിമാനത്തിനകത്ത് യാത്രക്കാര്‍ ഉപയോഗിക്കുന്ന സീറ്റുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ നിലവാരം പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.