വീണ്ടും മയക്കു മരുന്ന് വേട്ട: തബൂക്കില്‍ 30 ലക്ഷം ഗുളികകള്‍ പിടികൂടി 

റിയാദ്: രാജ്യത്തിന്‍െറ അതിര്‍ത്തിയില്‍ മയക്കു മരുന്നു വേട്ട തുടരുന്നു. തബൂക്കില്‍ അതിര്‍ത്തി രക്ഷ സേന പട്രോളിങിനിടെ 30 ലക്ഷം മയക്കു മരുന്നു ഗുളികകളാണ് ശനിയാഴ്ച പിടികൂടിയത്. കടല്‍ വഴി കടത്തിയ ഗുളികകള്‍ രണ്ടു കാറുകളിലായി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം തീര സേനയുടെ വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സൗദി പൗരന്മാരെ അറസ്റ്റു ചെയ്തതായി അതിര്‍ത്തി രക്ഷ സേന വക്താവ് കേണല്‍ സാഹിര്‍ അറിയിച്ചു. പട്രോളിങിനിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ വാഹനത്തില്‍ നിന്ന് 15 ലക്ഷത്തിലധികം ഗുളികകള്‍ കണ്ടത്തെി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തീരത്ത് മറ്റൊരു വാഹനത്തിലും മയക്കു മരുന്നുള്ളതായി വിവരം ലഭിച്ചത്. തീര സേനയുടെ വാഹനം വരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. സംഘത്തെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കേണല്‍ സാഹിര്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ വിവിധ തീരങ്ങളില്‍ നിന്ന് വന്‍ മയക്കു മരുന്ന് ശേഖരം പിടയിലായത് അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. ജിദ്ദ, ജീസാന്‍ തീരത്തു നിന്നായി കഴിഞ്ഞ ദിവസങ്ങളില്‍ 892 കിലോ ഹഷീഷ് പിടികൂടിയിരുന്നു. ജിദ്ദ തീരത്ത് ബുധനാഴ്ചയാണ് മയക്കു മരുന്നു വേട്ടക്ക് തുടക്കമിട്ട് ഹഷീഷ് പിടികൂടിയത്. പിറ്റേ ദിവസവും ഇതാവര്‍ത്തിച്ചു. വെള്ളിയാഴ്ച ജീസാന്‍ തീരത്തു നിന്നും ഹഷീഷ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യമനികളും മൂന്ന് സൗദികളും പിടിയിലായിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ മയക്കു മരുന്ന് ശേഖരം പിടിയിലായ സാഹചര്യത്തില്‍ എല്ലാ അതിര്‍ത്തികളിലും തീരങ്ങളിലും ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ പരിശോധനകളാണ് കസ്റ്റംസിന്‍െറയും തീരസേനയുടെയും നേതൃത്വത്തില്‍ നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.