നഷ്ടപ്പെടലിന്‍െറ വേദനയിലും മകന്‍െറ  ജീവത്യാഗത്തില്‍ അഭിമാനത്തോടെ പിതാവ്

റിയാദ്: ദുരന്തത്തില്‍പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണത്തിലേക്ക് ആഴ്ന്നുപോയ മകന്‍െറ നഷ്ടം ഹൃദയം നുറുക്കുമ്പോഴും ആ ജീവത്യാഗത്തിന്‍െറ പുണ്യമോര്‍ത്ത് ആശ്വാസം കൊള്ളുകയാണ് പിതാവ്. വ്യാഴാഴ്ച കോഴിക്കോട് നഗരത്തിലെ അഴുക്കുചാലില്‍ വഴുതിവീണ മറുനാടന്‍ തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങി മരണത്തിലേക്ക് താഴ്ന്നുപോയ കോഴിക്കോട് കരുവിശേരി സ്വദേശി മേപ്പക്കുടി പി. നൗഷാദ് എന്ന 28കാരന്‍െറ പിതാവ് സിദ്ദീഖ് പ്രവാസിയാണ്. റിയാദ് ബത്ഹയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ അദ്ദേഹം മരണവിവരമറിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് തിരിച്ചു. 
ജോലിക്കിടെയാണ് നാട്ടില്‍ നിന്ന് ആ കരള്‍ പിളര്‍ക്കുന്ന വാര്‍ത്തയത്തെിയത്. അപകടത്തില്‍ പെട്ടു എന്നാണ് ആദ്യം അറിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറായതിനാല്‍ വാഹനാപകടമായിരിക്കും എന്നാണ് കരുതിയത്. വൈകാതെ മരണ വിവരവും എത്തി. ഹൃദയം നിലക്കുന്നതുപോലെ തോന്നി. മൂന്ന് പെണ്‍മക്കള്‍ക്കിടയില്‍ പിറന്ന ഏക മകനാണ്. എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. പിന്നീട് വിശദാംശങ്ങള്‍ വന്നപ്പോഴാണ് ഒരിക്കലും ചെല്ളേണ്ടതില്ലാത്തയിടത്ത് ചെന്നാണ് അവന്‍ അപകടത്തില്‍ പെട്ടതെന്ന് അറിഞ്ഞത്. എന്നാല്‍ ചില ജീവനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണം ഏറ്റുവാങ്ങിയതാണെന്ന് മനസിലാക്കിയപ്പോള്‍ ഹൃദയം ആശ്വാസം കൊണ്ടു. ഓടിക്കൂടിയവരെല്ലാം കാഴ്ചക്കാരായപ്പോള്‍ ഒരു പരിചയവും ബന്ധവുമില്ലാത്തവരായിട്ടും മരണത്തിന്‍െറ വായില്‍ പെട്ടവര്‍ക്ക് നേരെ സ്വജീവന്‍ പണയം വെച്ച് രക്ഷയുടെ കരം നീട്ടുകയാണ് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ വേദനക്കിടയിലും അവനെ ഓര്‍ത്ത് അഭിമാനം തോന്നിയെന്ന് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു.  
രണ്ടുവര്‍ഷം കുവൈത്തിലായിരുന്നു മകന്‍. നാലുവര്‍ഷം മുമ്പ് നാട്ടിലത്തെിയപ്പോള്‍ സമ്പാദ്യം കൂട്ടിവെച്ച് ഓട്ടോറിക്ഷ വാങ്ങി. അതുകൊണ്ട് ജീവിത മാര്‍ഗം തേടുകയായിരുന്നു. വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. കുട്ടികളായിട്ടില്ല. പത്തുവര്‍ഷമായി ബത്ഹയിലെ ശിഫ അല്‍ജസീറ പോളിക്ളിനിക്കില്‍ ഡ്രൈവറാണ് സിദ്ദീഖ്. ഒരു മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. 
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. അഴുക്കുചാല്‍ വൃത്തിയാക്കികൊണ്ടിരുന്ന രണ്ട് ആന്ധ്ര സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഈ സമയം സമീപത്തെ ചായക്കടയില്‍ ചായ കുടിക്കാന്‍ ഓട്ടോയുമായി എത്തിയതായിരുന്നു നൗഷാദ്. ചായക്ക് കാത്തിരിക്കുമ്പോള്‍ സമീപത്ത് നിന്ന് നിലവിളി കേട്ടാണ് അങ്ങോട്ട് ചെന്നത്. മലിനജലത്തില്‍ തൊഴിലാളികള്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താനാണ് മാന്‍ഹോളിലേക്ക് ഇറങ്ങിയത്. തൊഴിലാളികളില്‍ ഒരാള്‍ കാലില്‍ പിടിച്ചതോടെ നില തെറ്റി നൗഷാദും ഓടയിലേക്ക് വീഴുകയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.