റിയാദ്: ശരീരം തളർന്ന് കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്നതിന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്നു വർഷം മുമ്പാണ് കന്യാകുമാരി പാറശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലായത്. അൽഖർജിൽ കെട്ടിടനിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലുംഅബോധാവസ്ഥയിലായി. ഒന്നരമാസത്തിനു ശേഷം ബോധം തിരിച്ചുകിട്ടിയെങ്കിലും ആറു മാസമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ. വിദഗ്ധ ചികിത്സക്ക് നാട്ടിലയക്കാൻ സ്പോൺസർ എക്സിറ്റ് അടിക്കാൻ ശ്രമിച്ചപ്പോഴാണ് സ്റ്റാലിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്.
വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. സ്റ്റാലിൻ നാടണയാനുള്ള ശ്രമം നടത്തിയെങ്കിലും കേസ് എന്താണെന്നറിയാതെ കുഴഞ്ഞു. ഒടുവിൽ കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു. താൻ ഇതുവരെയും ഒരു കേസിൽ പോലും പെട്ടിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലായിരുന്നു സ്റ്റാലിൻ.
കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയംഗവും അൽഖർജ് ഏരിയ കൺവീനറുമായ നാസർ പൊന്നാനി ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ഹ സ്റ്റേഷനിൽ മദ്യവുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്ന് അറിയാൻ സാധിച്ചത്. അൽഖർജിൽ താമസിക്കുന്ന താൻ എങ്ങനെ ബത്ഹ സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു കേസിൽപെട്ടു എന്നത് സ്റ്റാലിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
സ്വയം പരിശോധിച്ചപ്പോഴാണ് ബത്ഹയിൽ പോയി തിരിച്ചുവരും വഴി ടാക്സിയിൽ രണ്ട് അറബ് വംശജർ വഴക്കടിക്കുകയും ഡ്രൈവർ പൊലീസിനെ വിളിക്കുകയും ചെയ്തതായി സ്റ്റാലിൻ ഓർക്കുന്നത്. പൊലീസിനെ കണ്ട് വഴക്ക് കൂടിയവർ ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിച്ച് മദ്യം പിടികൂടുകയും ചെയ്തു.
തുടർന്ന് ബത്ഹ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി ഡ്രൈവറെയും സ്റ്റാലിനെയും രണ്ട് മണിക്കൂറിനകം പറഞ്ഞുവിട്ടു. ഈ സംഭവം അഞ്ച് വർഷം മുമ്പാണെന്ന് സ്റ്റാലിൻ പറഞ്ഞു തുടർന്ന് നാസർ പൊന്നാനി ബത്ഹ സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. പൊലീസ് മേധാവി രേഖകൾ പരിശോധിച്ച് കേസ് റദ്ദാക്കാനും എക്സിറ്റ് അടിക്കാനുള്ള കാര്യങ്ങൾ ചെയ്തു കൊടുത്തു.
റിയാദിലെ ഇന്ത്യൻ എംബസിയുടെ പിന്തുണ സ്റ്റാലിന് ലഭിച്ചു. 2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ 2018ലാണ് മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കെയാണ് തളർന്ന് കിടപ്പാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ എക്സിറ്റ് തരപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനുശേഷം സ്റ്റാലിൻ വെറും കൈയോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.