റിയാദ്: കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഭാഗമായി ഏറ്റവും കാഠിന്യമേറിയ വേനലാണ് സൗദി അറേബ്യയെ കാത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനൊപ്പം കാലം തെറ്റിയ മഴയും പതിവാകും. രാജ്യത്തിന്‍െറ കിഴക്ക്, വടക്കുകിഴക്കന്‍ മേഖലകളില്‍ 50 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡോ. അയ്മന്‍ ഗുലാം വ്യക്തമാക്കി. ഉള്‍പ്രദേശങ്ങളിലെ മരുഭൂമേഖലകളിലും മധ്യ-ദക്ഷിണ, ദക്ഷിണ-പൂര്‍വ പ്രദേശങ്ങളിലും കനത്ത മണല്‍ക്കാറ്റും നിത്യസംഭവമാകും. എന്നാല്‍ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അന്തരീക്ഷ താപനില 40 ഡിഗ്രിക്ക് താഴെ തന്നെ തുടരും. വടക്കന്‍ പ്രവിശ്യയില്‍ മഞ്ഞുവീഴ്ചയും അധികരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ രൂപപ്പെട്ട മഴമേഘപാളികള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയാണ്. ഇതിന്‍െറ സ്വാധീനം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ രണ്ടുമേഖലകളിലായാണ് പ്രത്യക്ഷപ്പെടുക. രണ്ടുമേഖലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകും. മക്ക മുതല്‍ യമന്‍ തലസ്ഥാനമായ സന്‍ആ വരെയാണ് ആദ്യ മേഖല. മധ്യ ഇറാഖില്‍ നിന്ന് പടിഞ്ഞാറന്‍ ഇറാന്‍ വരെ നീളുന്നതാണ് രണ്ടാമത്തെ മേഖല.
ചൊവ്വ പകലിലും രാത്രിയിലും മക്ക പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം. ആലിപ്പഴ വര്‍ഷവും ഒപ്പമുണ്ടാകും. 50 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയോടെ ഈ കാലാവസ്ഥ പ്രതിഭാസം സന്‍ആയിലേക്ക് പുരോഗമിക്കും. ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇതുസംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. വരുന്ന രണ്ടുദിവസങ്ങളില്‍ അസ്വാഭാവിക കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മഴ നിരീക്ഷണ കേന്ദ്രം തലവന്‍ അബ്ദുല്ല അല്‍ മുസ്നദ് അറിയിച്ചു. കനത്തമഴയും തണുത്ത അന്തരീക്ഷവും ഈ ദിവസങ്ങളില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളപ്പൊക്കത്തിന് ഏറ്റവും കൂടിയ സാധ്യത ചൊവ്വ മുതല്‍ വ്യാഴം വരെ ദിവസങ്ങളിലാണ്.
ഹഫറുല്‍ ബാതിന്‍, അല്‍ ഖസീം, തബൂക്ക്, മദീന, ഹാഇല്‍, അല്‍ ജൗഫ്, അസീര്‍, അല്‍ ബാഹ പ്രദേശങ്ങളില്‍ നിലവില്‍ തന്നെ ആകാശം മേഘാവൃതമാണ്. മദീന മേഖലയിലും തിങ്കളാഴ്ച കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.