അസീര്‍: രണ്ടു ദിവസമായി തുടരുന്ന മഴയില്‍ അസീര്‍ മേഖലയില്‍ കനത്ത നാശം. രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. രണ്ടുപേര്‍ വെള്ളപ്പാച്ചിലില്‍ വാഹനം ഒലിച്ചു പോയാണ് മൂന്നു പേര്‍ മരിച്ചത്്. താഴ്ന്ന പ്രദേശങ്ങളിലെ വാദികളില്‍ വാഹനവുമായി പോയവരാണ് അപകടത്തില്‍പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് വക്തവ് മുഹമ്മദ് ആസിമി അറിയിച്ചു. അസീര്‍ പ്രവിശ്യയുടെ മറ്റൊരു ഭാഗത്ത് താഴ്വരയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു. 11ഉം 13 ഉം വയസ്സു പ്രായമുള്ള കുട്ടികളാണ് മുങ്ങി മരിച്ചത്. ത്വാഇഫിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മഴ ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടു നിന്നു. താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളും നിറഞ്ഞൊഴുകി. റുദ്ദഫ്, ഷഫാ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. ശഹാര്‍, ഹദാഇക് റോഡുകളുടെ പല ഭാഗങ്ങളിലും വെള്ളംമൂടി. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. പല വീടുകളിലും വെള്ളം കയറി. മഴയെ തുടര്‍ന്നുണ്ടായ ഗതാഗത കുരുക്ക് ത്വാഇഫ് നിവാസികളെയും ടൂറിസ്റ്റുകളെയും വലച്ചു. സിവില്‍ ഡിഫന്‍സിന് കീഴിലെ രക്ഷാപ്രവര്‍ത്തന സംഘത്തെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ശഫ റോഡില്‍ ചുമര്‍ വീണ് ഒരു തൊഴിലാളി മരിക്കുകയും രണ്ടാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാസ്വിര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ശരീഫ് പറഞ്ഞു. മഴ തുടരാനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ജിസാന്‍, അസീര്‍ മേഖലകളുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.