????????? ???????? ???????? ??????

വേനല്‍പ്പഴത്തിന്‍െറ വൈവിധ്യം വിളിച്ചോതി ബുറൈദ ഈത്തപ്പഴമേള

ബുറൈദ: കര്‍ഷകര്‍ക്ക് ആഹ്ളാദവും കച്ചവടക്കാര്‍ക്ക് പ്രതീക്ഷയും പകര്‍ന്ന് നല്‍കി അല്‍ഖസീം പ്രവിശ്യയില്‍ ഈത്തപ്പഴ വിളവെടുപ്പുത്സവത്തിന്‍െറ ആരവമുയര്‍ന്നു. വിളവെടുപ്പ് ഊര്‍ജിതമായതോടെ ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴമേളക്ക് ബുറൈദയിലും ഉനൈസയിലും തുടക്കമായി. സൗദിയിലെയും മധ്യപൂര്‍വദേശത്തെ ഇതര നാടുകളിലെയും കച്ചവടക്കാര്‍ കൂടി വന്നുതുടങ്ങിയതോടെ അല്‍ഖസീം പ്രവിശ്യയാകെ ഉത്സവത്തിമിര്‍പ്പിലേക്ക് നീങ്ങുകയാണ്. സൗദിയുടെ മൊത്തം വിസ്തീര്‍ണത്തിന്‍െറ 25 ശതമാനത്തോളം വരുന്ന ഒരു ഭൂപ്രദേശത്തിന്‍െറ പാരമ്പര്യ കൃഷിയും പ്രധാന വരുമാന മാര്‍ഗവുമായ മേളയാണ് ബുറൈദയില്‍ നടക്കുന്നത്. മനംകവരുന്ന ഈ വേനല്‍പ്പഴത്തിന്‍െറ ഗുണഗണങ്ങളും ഈത്തപ്പഴ കൃഷിയുടെ വിവിധ വശങ്ങളും വിവരിക്കുന്ന പവലിയനുകള്‍ വൈകാതെ നഗരിയില്‍ സജ്ജമാകും. 
ഈന്തപ്പനകളുടെ സംവിധാനവും പുങ്കുല മുതല്‍ പഴം പാകമാകുന്നതുവരെയുള്ള പരിചരണഘട്ടങ്ങളും വിവരിക്കുന്ന മാതൃക തോട്ടങ്ങള്‍ ഈയാഴ്ചതന്നെ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്‍െറ ഭാഗമായി വിവിധ മത്സരങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും. ലോകത്തിന്‍െറ വിവിധ കോണുകളില്‍നിന്നുള്ള സഞ്ചാരികളെയും മാധ്യമപ്രതിനിധി സംഘങ്ങളെയും സംഘാടകര്‍ സ്വീകരിക്കും. മധുരക്കനിയുടെ കുടുംബത്തിലെ വിശ്വോത്തര ഇനങ്ങളടക്കം ലഭ്യമാകുന്ന മേള ദുല്‍ഹജ്ജ് അഞ്ച് വരെ തുടരും. പ്രഭാതനമസ്കാരം കഴിഞ്ഞാലുടന്‍ സജീവമാകുന്ന നഗരിയിലേക്ക് തുടക്കത്തില്‍ തന്നെ ശരാരശരി 400 ലധികം വാഹനങ്ങളാണ് നിത്യേന എത്തുന്നത്. ഒരാഴ്ചക്കുള്ളില്‍ തന്നെ ഇത് 2000 ലധികമായി ഉയരും. പോഷകസമൃദ്ധവും സ്വാദിഷ്ടവും ഗള്‍ഫ് മേഖലയിലാകമാനം പ്രിയങ്കരവുമായ ‘സുക്കരി’യുമായാണ് ഭൂരിഭാഗം വാഹനങ്ങളും ആദ്യദിനങ്ങളില്‍ത്തന്നെ മേളയിലത്തെുന്നത്. ഇതിന്‍െറ വിവിധ ഇനങ്ങളായ മുഫത്തല്‍, ഗാലക്സി, റുത്തബ് എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. സുക്കരി മുഫത്തലിലെ രാജകീയനും സ്വര്‍ണവര്‍ണത്തിലുള്ളതുമായ ‘മലിക്കീ’ എന്ന അപൂര്‍വ ഇനത്തിന്‍െറ നാല് കിലോഗ്രാം വരുന്ന പെട്ടിക്ക് 400 റിയാലിനാണ് കഴിഞ്ഞദിവസം ലേലം നടന്നത്.  ആവശ്യക്കാര്‍ കൂടിയാല്‍ ഇതിന് 1000 റിയാല്‍ വരെ ലഭിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സുക്കരിയോട് കിടപിടിക്കുന്ന അല്‍ഖസീം കൃഷിവകുപ്പ് ടിഷ്യു കള്‍ചറിലുടെ വികസിപ്പിച്ചെടുത്ത ‘ശെയ്ശി’ എന്ന ഒരിനം കൂടി ഇപ്പോള്‍ വിപണിയിലത്തെുന്നുണ്ട്.  
സുഖ്ഈ, ഖുലാസ്വ്, മുനീഫീ, നബൂത് സൈഫ്, സുല്‍താന, ശഖ്റ, റഷൂദി, ബുസ്റി എന്നിവയടക്കമുള്ള 35 ലധികം ഇനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ മേളയിലത്തെും. സാധാരക്കാര്‍ക്ക് ന്യായവിലക്ക് ലഭിക്കുന്ന ‘ബര്‍ഹി’യും സുക്കരിയിലെ പകുതി പഴുത്ത ‘മുനാസിഫും’ ഖസീമിന്‍െറ വഴിയാരങ്ങളില്‍ത്തന്നെ നിരന്നുകഴിഞ്ഞു. മൂന്ന് ലക്ഷം ടണ്‍ ഈത്തപ്പഴം ഇക്കൊല്ലം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേളയുടെ ഡയറടക്ടര്‍മാരില്‍ ഒരാളായ മന്‍സൂര്‍ അല്‍ മുഹൈസിത്തി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20 ശതമാനം കൂടുതലാണിത്. 
മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സംവിധാനിച്ച ബുറൈദയിലെ ഈത്തപ്പഴ മാര്‍ക്കറ്റില്‍ 2500 വാഹനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാം. സര്‍വകലാശാല വിദ്യാര്‍ഥികളായ സ്വദേശി യുവാക്കളടക്കം എജന്‍റുമാരായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. തങ്ങളുടെ പുറംചെലവുകള്‍ക്കാവശ്യമായ ചെറുതല്ലാത്ത തുക കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്നതാണ് കാരണം. പ്രാദേശിക ഭരണകൂടം ഇതിന് പ്രോത്സാഹനവും നല്‍കുന്നു. സൗദി അഗ്രികള്‍ചറല്‍ ബാങ്ക് കൃഷി മന്ത്രാലയത്തിന്‍െറ സഹകരത്തോടെ സബ്സിഡി അടക്കമുള്ള വായ്പ നല്‍കിയാണ് ഈത്തപ്പഴ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.