സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന സംഖ്യയില്‍ 35 ശതമാനം കുറവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശി ജോലിക്കാര്‍ നാട്ടിലേക്കയക്കുന്ന സംഖ്യയില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാന്‍സ്ഫറാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 35 ശതമാനത്തിന്‍െറ കുറവാണ് ജൂലൈയില്‍ അനുഭവപ്പെട്ടത്.
2016 ജൂണ്‍ മാസത്തില്‍ 15.8 ബില്യന്‍ റിയാല്‍ വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സ്ഥാനത്ത് ജൂലൈയില്‍ 10.3 ബില്യന്‍ റിയാല്‍ മാത്രമാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. വിദേശ ജോലിക്കാര്‍ നാട്ടിലേക്കയച്ച സംഖ്യയില്‍ 5.5 ബില്യന്‍ റിയാലിന്‍െറ കുറവാണ് ഒരു മാസത്തിനകം രേഖപ്പെടുത്തിയത്. 
2015 ജൂലൈയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴും ഈ വര്‍ഷത്തില്‍ 19 ശതമാനത്തിന്‍െറ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 12.7 ബില്യന്‍ റിയാല്‍ ട്രാന്‍സ്ഫര്‍ നടന്നപ്പോള്‍ ഈ വര്‍ഷം അത് 10.3 ബില്യന്‍ റിയാല്‍ മാത്രമാണ്. 
സൗദിയിലുള്ള പത്ത് ദശലക്ഷം വിദേശ ജോലിക്കാരുടെ തൊഴില്‍ മേഖലയിലുണ്ടായ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയുമാണ് ഇത്തരത്തില്‍ വിദശേ ട്രാന്‍സ്ഫര്‍ കുറയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സൗദിയില്‍ തൊഴിലെടുക്കുന്ന ഓരോ വിദേശി ജോലിക്കാരനും മാസത്തില്‍ ശരാശരി 1096 റിയാല്‍ സ്വദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.