ഭീകരര്‍ക്ക് വധശിക്ഷ; ഇറാന്‍ നിലപാടില്‍ ശക്തമായ പ്രതിഷേധം 

റിയാദ്: ഭീകരവാദ കേസുകളില്‍ പ്രതികളായ 47 പേരെ വധിച്ചതുമായി ബന്ധപ്പെട്ട് ഇറാന്‍െറ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തിലും തെഹ്റാനിലെ എംബസിയും കോണ്‍സുലേറ്റും ആക്രമിക്കപ്പെട്ട സംഭവത്തിലും സൗദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച സൗദിയിലെ ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം കടുത്ത സ്വരത്തില്‍ പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന തരത്തിലുള്ള നടപടികളാണ് ഇറാന്‍െറ ഭാഗത്തു നിന്നുണ്ടായതെന്നും ഇതംഗീകരിക്കാനാവില്ളെന്നും അധികൃതര്‍ അംബാസഡറെ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് ഇറാനിലെ സൗദി എംബസിയും കോണ്‍സുലേറ്റും ജീവനക്കാരെയും സംരക്ഷിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും ഇറാനുണ്ടെന്നും സൗദി വ്യക്തമാക്കി. തീവ്രവാദത്തെ കുറിച്ച് മിണ്ടാന്‍ ഇറാന് അവകാശമില്ളെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മറ്റു രാജ്യങ്ങള്‍ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന് ആരോപിക്കാന്‍ ഇറാന് അവകാശമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന ഇറാന്‍െറ നടപടിയെ ഐക്യരാഷ്ട്ര സഭയും മറ്റ് നിരവധി രാജ്യങ്ങളും ഇതിന് മുമ്പും അപലപിച്ചിട്ടുണ്ടെന്നും വിദേശകാര്യ വകുപ്പുദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
വിവിധ കേസുകളില്‍ പ്രതികളായവരെ ശനിയാഴ്ച രാവിലെ സൗദി വധശിക്ഷക്ക് വിധേയരാക്കിയിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ശിയാ പുരോഹിതനായ നമിര്‍ അന്നമിറും ഇതിലുള്‍പ്പെടും. നമിറിന്‍െറ വധശിക്ഷയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാവിലെ ഇറാന്‍െറ തലസ്ഥാനമായ തെഹ്റാനില്‍ ജനക്കൂട്ടം സൗദി എംബസി ആക്രമിച്ച് തീയിടുകയായിരുന്നു. മശ്ഹദിലെ കോണ്‍സുലേറ്റും ആക്രമിക്കപ്പെട്ടു. ഇതിന് പുറമെ മശ്ഹദിലേക്കുള്ള വഴിക്ക് നമിറിന്‍െറ പേര് നല്‍കി. ഇറാന്‍ മത നേതൃത്വവും സൈനിക വിഭാഗമായ റിപ്പബ്ളിക്കന്‍ ഗാര്‍ഡും വധശിക്ഷക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. ഇറാന്‍ വിദേശകാര്യ വക്താവ് ജാബിര്‍ അന്‍സാരി, പാര്‍ലമെന്‍റ് സ്പീക്കര്‍ അലി ലാറിജാനി എന്നിവരും സൗദിക്കെതിരെ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ‘ഇര്‍ന’ വഴി പ്രസ്താവനകളിറക്കിയിരുന്നു. ഈ സംഭവവികാസങ്ങളെ തുടര്‍ന്നാണ് സൗദി ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. 
ഇറാന്‍െറ നടപടിയെ സൗദി പണ്ഡിത സഭയും ശക്തമായ ഭാഷയില്‍ അപലപിച്ചു. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തിയ കുറ്റവാളികളെ ശിക്ഷിച്ചതിനെതിരെ ഇറാന്‍െറ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പരാമര്‍ശങ്ങളില്‍ അത്ഭുതമില്ളെന്നും സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നൂറു കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണെന്നും പണ്ഡിതസഭ ചൂണ്ടിക്കാട്ടി. മുസ്ലിംകളുടെ താല്‍പര്യത്തിന് എന്നും വിലങ്ങു തടിയായി നിന്ന പാരമ്പര്യമാണ് ഇറാനുള്ളത്. പരിശുദ്ധ ഹജ്ജ് വേളയില്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള അവരുടെ നീക്കം ചരിത്രം രേഖപ്പെടുത്തിയതാണ്. ഭീകരതക്കനുകൂലമായ അവരുടെ നിലപാടുകള്‍ക്കെതിരെ മുഴുവന്‍ ലോകവും ഒന്നിക്കണമെന്നും പണ്ഡിതസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.