ഇറാന്‍ നിലപാടിനെ സൗദി ശൂറയും റാബിത്തയും അപലപിച്ചു

റിയാദ്: ഇറാനിലെ സൗദി നയതന്ത്ര ഓഫിസുകള്‍ക്ക് നേരെ നടന്ന അതിക്രമത്തെ സൗദി ശൂറ കൗണ്‍സില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. തെഹ്റാനിലെ എംബസിയും അല്‍മശ്ഹദിലെ കോണ്‍സുലേറ്റും സംരക്ഷിക്കേണ്ടത് അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദയുടെയും അയല്‍പക്ക ബന്ധത്തിന്‍െറയും പേരില്‍ ഇറാന്‍ അധികൃതരുടെ ബാധ്യതയായിരുന്നു. ശൂറ കൗണ്‍സില്‍ ഉപമേധാവി ഡോ. മുഹമ്മദ് അമീന്‍ അല്‍ജഫ്രിയാണ് പ്രമേയം ശൂറയില്‍ അവതരിപ്പിച്ചത്. ഇറാന്‍ ഭരണാധികാരികളില്‍ നിന്നും നേതാക്കളില്‍ നിന്നും വന്ന നിരുത്തരവാദപരമായ പ്രസ്താവനകളെയും ശൂറ കൗണ്‍സില്‍ പ്രമേയം അപലപിച്ചു. ഇറാനുമായി നയതന്ത്രം വിഛേദിച്ച സൗദിയുടെ നിലപാട് ശരിവെച്ച ശൂറ കൗണ്‍സില്‍ തീവ്രവാദത്തെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ സൗദിയുടെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇറാന്‍ അധികൃതരുടെ നിലപാടിനെയും എംബസി ആക്രമണത്തെയും മുസ്ലിം വേള്‍ഡ് ലീഗും (റാബിത്ത) ശക്തമായ ഭാഷയില്‍ അപലപിച്ചു. സൗദി അറേബ്യ നടപ്പാക്കുന്ന ശരീഅത്ത് നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച റാബിത്ത തീവ്രവാദത്തെ പിന്തുണക്കുന്ന ഇറാന്‍ നിലപാടുകളെ വിമര്‍ശിച്ചു. റാബിത്ത സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ല അബ്ദുല്‍ മുഹ്സിന്‍ അത്തുര്‍ക്കി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയുടെ സുരക്ഷക്കും നല്ല അയല്‍പക്ക ബന്ധത്തിനുമാണ് സൗദി ഉദ്ദേശിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാഖ്, യമന്‍, സിറിയ, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അനാരോഗ്യകരമായ ഇടപെടല്‍ ഇറാന്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.