വിമാനത്താവളം സ്വകാര്യവത്കരണം: രണ്ടാം ഘട്ടത്തില്‍ ജിദ്ദയും ദമ്മാമും

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിന്‍െറ രണ്ടാംഘട്ടത്തില്‍ ജിദ്ദയും ദമ്മാമും. സൗദിയിലെ ഏറ്റവും തിരക്കേറിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 2017 തുടക്കത്തിലും ദമ്മാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം 2017 അവസാനത്തിലും സ്വകാര്യമേഖലക്ക് കൈമാറുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് രാജ്യത്തെ വ്യോമയാനമേഖലയില്‍ സ്വകാര്യവത്കരണം കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടായത്. ആദ്യഘട്ടത്തില്‍ റിയാദ് വിമാനത്താവളമാണ് തെരഞ്ഞെടുത്തത്. ഈ വര്‍ഷം ഇതിനുള്ള നടപടികള്‍ ആരംഭിക്കും.

വിമാനത്താവളത്തിന് പിന്നാലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യൂനിറ്റുകള്‍ എന്നിവ ഈവര്‍ഷം തന്നെ സ്വകാര്യമേഖലക്ക് കൈമാറും. രാജ്യത്തെ മറ്റു രാജ്യാന്തര, പ്രാദേശിക വിമാനത്താവളങ്ങളും മുന്‍കൂട്ടി തയാറാക്കിയ സമയക്രമം പ്രകാരം 2020 നുള്ളില്‍ സ്വകാര്യവത്കരിക്കും. വിമാനത്താവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് സേവനരംഗം കുറ്റമറ്റതാക്കണമെന്ന പ്രഖ്യാപിത നയത്തിന്‍െറ ഭാഗമായാണ് ഈ നീക്കം. ദേശീയ എയര്‍ലൈന്‍ വിഭാഗത്തിന്‍െറ ചില അനുബന്ധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യവത്കരിക്കപ്പെട്ടിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് കാറ്ററിങ് കമ്പനി, സൗദി ഗ്രൗണ്ട് സര്‍വീസ് കമ്പനി എന്നിവ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. കാര്‍ഗോ യൂനിറ്റാണ് ഇനി ഉടന്‍ ഓഹരി വിപണിയിലത്തൊനുള്ളത്. 
പുണ്യ നഗരങ്ങളിലേക്കുള്ള കവാടമായ ജിദ്ദ വിമാനത്താവളം പ്രതിവര്‍ഷം മൂന്നുകോടിയോളം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലിന് ഒരേസമയം ലക്ഷത്തോളം യാത്രികരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടെര്‍മിനലുകളിലൊന്നുമാണ് ഇത്. വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.