റിയാദ്: സൗദി തലസ്ഥാ നഗരത്തിലെ നിർദിഷ്ട ധനകാര്യ വിനിമയ കേന്ദ്രമായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ മോണോ റെയിൽ നിർമാണത്തിന് കരാറായി. റിയാദിൽ വ്യാഴാഴ്ച സമാപിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കരാറുകൾ ഒപ്പിട്ടു.
കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിനുള്ളിൽ വിവിധ ടവറുകൾക്കിടയിലൂടെ പോകുന്ന 3.6 കിലോമീറ്റർ നീളമുള്ള മോണോ റെയിലിൽ ആറ് ട്രെയിനുകളാണ് ഓടുക. ഡ്രൈവറില്ലാതെ ഓട്ടോമേഷൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ സെന്റർ വളപ്പിനുള്ളിലെ ഓഫിസുകൾ, ഷോപ്പുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയിലേക്ക് ആളുകൾക്ക് യാത്ര ചെയ്യാൻ സൗകര്യം ഒരുക്കും.
സെന്ററിനുള്ളിലെ പ്രധാന ടവറുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ലൈൻ പോകുന്നത്. ഇവിടേക്ക് വരുന്ന സന്ദർശകർക്ക് എല്ലായിടത്തും സുഗമമായി എത്താനും മടങ്ങാനും മോണോ റെയിൽ സൗകര്യപ്രദമായിരിക്കും.
കൂടാതെ റിയാദ് മെട്രോയുമായി മോണോ റെയിലിനെ ബന്ധിപ്പിക്കുന്നതോടെ നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് ഫിനാൻഷ്യൽ സെന്ററിലേക്ക് എളുപ്പത്തിലെത്താനാകും. സെന്റെറിന്റെ ‘10 മിനിറ്റ് കൊണ്ട് നഗരം’ എന്ന വിഷനെ പിന്തുണക്കുന്നതാണ് പദ്ധതി.
കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ ഡെവലപ്മെന്റ ആൻഡ് മാനേജ്മെന്റ് കമ്പനി, സി.ആർ.ആർ.സി (ഹോങ്കോങ്) ലിമിറ്റഡ്, സി.ആർ.ആർ.സി നാൻജിങ് പുജെൻ ലിമിറ്റഡ് എന്നിവരുമായാണ് കരാറുകൾ ഒപ്പിട്ടത്.
ഹസൻ അല്ലാം സൗദി കൺസ്ട്രക്ഷൻ ഗ്രൂപ് ലിമിറ്റഡുമായി ചേർന്നാണ് മോണോറെയിൽ പദ്ധതി നടപ്പാക്കുന്നത്. ‘സിറ്റി മൊബിലിറ്റി’ എന്ന ആശയം സാക്ഷാത്കരിക്കുകയും കാൽനട-സൗഹൃദ അനുഭവം നൽകുകയും ചെയ്യുന്ന ഗുണപരമായ കുതിപ്പായി ഇതിനെ കണക്കാക്കുന്നു. എളുപ്പവും സുസ്ഥിരവും ഫലപ്രദവുമായ ഗതാഗത പരിഹാരങ്ങൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.