അറബ് മേഖലയിലെ അസ്ഥിരതക്ക് കാരണം ഇറാന്‍ –ആദില്‍ ജുബൈര്‍

റിയാദ്: അറബ്, ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങളുടെയും അസ്ഥിരതയുടെയും പ്രധാന കാരണം ഇറാന്‍െറ ഇടപെടലാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ കുറ്റപ്പെടുത്തി. ജിദ്ദയില്‍ ഒ.ഐ.സിയുടെ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണം അവരുടെ ആക്രമണോത്സുക നയങ്ങളുടെ ഭാഗമായി സംഭവിച്ചതാണ്. മേഖലയിലെ ഇതര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ തുടരുന്ന സമീപനമാണ് ഇറാന്‍ സ്വീകരിക്കുന്നത്. വിഭാഗീയതയും വംശീയതയും കുത്തിവെക്കുന്നത് അവരാണ്. ഇക്കാരണത്താലാണ് അറബ് മേഖലയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. ഇസ്ലാമിക തത്വങ്ങള്‍ക്ക് അവര്‍ വില കല്‍പ്പിക്കുന്നില്ല. നാല് അറബ് രാജ്യങ്ങളുടെ തലസ്ഥാനം അവരുടെ നിയന്ത്രണത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതും വിവിധ രാജ്യങ്ങളില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്ക് സൈനിക പരിശീലനം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തിയതും മറ്റു രാജ്യങ്ങളോടുള്ള അവരുടെ സമീപനമെന്താണെന്നതിന്‍െറ വ്യക്തമായ തെളിവുകളാണ്. സൗദി എംബസിക്കു നേരെയുണ്ടായ അതിക്രമം 35 വര്‍ഷം പഴക്കമുള്ള ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ്. നയതന്ത്രകാര്യാലയങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇറാന്‍ ഭരണകൂടം ഒരു ശ്രമവും നടത്തിയിട്ടില്ല. സംഭവത്തെ അപലപിച്ചുകൊണ്ടുള്ള ഏതാനും പ്രസ്താവനകള്‍ മാത്രമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. പ്രസ്താവനകള്‍ക്കു പകരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് അവരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. ഇറാനുമായി നല്ല അയല്‍പക്ക ബന്ധം തുടരുാനാണ് സൗദി എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. പരസ്പര ബഹുമാനത്തോടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടാതെയുമുള്ള സൗഹൃദമാണ് സൗദി ആഗ്രഹിക്കുന്നത്. എന്നാല്‍ ഇറാന്‍െറ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ മാത്രമാണുണ്ടാവാറുള്ളതെന്നും പ്രായോഗ തലത്തില്‍ സംഭവിക്കുന്നത് മറിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തെഹ്റാനില്‍ സൗദി എംബസിക്കുനേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായി രംഗ വന്ന രാജ്യങ്ങള്‍ക്കും അടിയന്തര യോഗത്തില്‍ പങ്കെടുത്ത ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍ക്കും ആദില്‍ ജുബൈര്‍ നന്ദി അറിയിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.