വേനല്‍ കഠിനം; ചൂട്  50 ഡിഗ്രിക്ക് മുകളില്‍

റിയാദ്: മരുഭൂമി ചുട്ടുപൊള്ളുന്നു. ചൊവ്വാഴ്ച അന്തരീക്ഷോഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലും സൗദി അറേബ്യയുടെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും സൂര്യാഘാതത്തെ കരുതിയിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 50 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ചൊവ്വാഴ്ച റിയാദില്‍ കനത്ത പൊടിക്കാറ്റും വീശി. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ ചാറി. ഉച്ചകഴിഞ്ഞ് റിയാദ് നഗരത്തില്‍ വീശിയടിച്ച പൊടിക്കാറ്റില്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞു. ദൂര കാഴ്ച മങ്ങിയതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനം ഓടിക്കാന്‍ പ്രയാസം നേരിട്ടു. പ്രധാന നിരത്തുകളില്‍ ഉള്‍പ്പെടെ ഗതാഗത കുരുക്കുണ്ടായി. ശീതീകരണി യന്ത്രങ്ങള്‍ക്ക് തണുപ്പിക്കാന്‍ കഴിയുന്നതിനും അപ്പുറത്തേക്ക് അന്തരീക്ഷ വായുവില്‍ ചൂടിന്‍െറ കാഠിന്യം ഏറിയതോടെ എപ്പോഴും വാതിലുകള്‍ തുറന്നിടേണ്ട ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെന്ന് ജീവനക്കാരും ഉപഭോക്താക്കളും പറയുന്നു. റിയാദ്, അല്‍ഖര്‍ജ്, ദമ്മാം, ജുബൈല്‍, അല്‍അഹ്സ, അല്‍ഖഫ്ജി, നാരിയ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും 50 ഡിഗ്രിക്ക് മുകളിലാവും അന്തരീക്ഷ ഊഷ്മാവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും നേരിട്ട് സൂര്യ രശ്മികള്‍ നേരിട്ട് ശരീരത്തിലേല്‍ക്കാതെ സൂക്ഷിക്കണമെന്നും പകല്‍ അധികം പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.