ജിദ്ദ: അറേബ്യന്‍ ഭക്ഷ്യവിഭവങ്ങളില്‍ അറിയപ്പെട്ട ഫൂല്‍ അറബികളെ പോലെ വിദേശികള്‍ക്കും ഇഷ്ടവിഭവമാണ്. തമീസിന്‍െറയും ഫൂലിന്‍െറയും രുചി അനുഭവിച്ചറിയാത്ത പ്രവാസികളിലുണ്ടാകില്ല. ഒരുകാലത്ത് റമദാന്‍ ഇഫ്താറിന് മുഖ്യ വിഭവമായിരുന്നു ഫൂല്‍. പില്‍ക്കാലത്ത് സാമ്പത്തിക ഉന്നമനം കൈവരിക്കുകയും ജീവിത ശൈലിയില്‍ മാറ്റം വരികയും ചെയ്തതോടെ ചില ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായിരുന്ന സ്ഥാനം തെറിച്ചു. അക്കൂട്ടത്തില്‍ ഫൂലും ഉള്‍പ്പെട്ടു.
ഇങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ക്ക് പ്രത്യേകിച്ച് റമദാനിലെ ഇഫ്താറിന് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇപ്പോഴും ഫൂല്‍. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഫൂല്‍ വാങ്ങി കൊണ്ട് വരുന്നവരുണ്ട്. ഒരുകാലത്ത് ഇഫ്താര്‍ സുപ്രകളില്‍ ഫൂല്‍ നിറച്ച തളിക നിത്യകാഴ്ചയായിരുന്നു. ഫൂല്‍ തളികയില്ലാത്ത ഇഫ്താറുകള്‍ സങ്കല്‍പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ആ രീതി പിന്തുടരുന്നവരുണ്ട്. ചിലയിടങ്ങളില്‍ റമദാന്‍ സുപ്രകളിലെ മുഖ്യതാരം ഫൂല്‍ തന്നെ. ജിദ്ദയിലെ പുരാതന ഡിസ്ട്രിക്റ്റുകളായിരുന്നു പ്രധാന ഫൂല്‍ വില്‍പന കേന്ദ്രങ്ങള്‍.
റമദാനായാല്‍ ഹിജാസി വേഷം ധരിച്ച ആളുകള്‍ ഫൂല്‍ കുടുക്കകളുമായി അവിടെ രംഗത്തിറങ്ങുക പതിവാണ്. മറ്റ് റമദാന്‍ വിഭവങ്ങള്‍ക്കൊപ്പം അസ്റിനും മഗ്രിബിനുമിടയിലാണ് ബസ്തകളിലും കടകളിലും ഫൂലിന്‍െറ കച്ചവടം പൊടിപൊടിക്കാറ്. റമദാനില്‍ ഫൂല്‍ കുടുക്കക്ക് ചുറ്റും തിരക്ക് നിത്യകാഴ്ചയാണ്. എത്ര വലിയ തിരക്കാണെങ്കിലും ഫൂല്‍ വാങ്ങിയിട്ടേ ആളുകള്‍ വീട്ടിലേക്ക് പോകൂ. പണ്ട് കാലത്ത് ചില കുടുംബങ്ങള്‍ ഫൂല്‍ നിര്‍മാണത്തില്‍ പ്രശസ്തരായിരുന്നു. അല്‍അമീര്‍, ഖര്‍മൂഷി, ബാനിഅ്മ, ഗാമിദി, റമാദി, അബൂസൈദ് തുടങ്ങിയ കുടുംബ പേരിലറിയപ്പെടുന്ന ഫൂല്‍ കടകള്‍ വളരെ പ്രസിദ്ധമാണ്. ഈ കടകളിലെ ഫൂലിന് നല്ല ഡിമാന്‍റാണ്. ജിദ്ദക്കകത്തും പുറത്തും ഈ പേരുകളില്‍ നിരവധി ഫൂല്‍ കടകള്‍ കാണാം.
ഒരോ കടകളിലേയും ഫൂലിന്‍െറ രുചി വിത്യസ്തമാണ്. ഫൂലിനുപയോഗിക്കുന്ന കൂട്ടാണ് ഒരോ കടകളേയും പ്രശസ്തവും വ്യതിരിക്തവുമാക്കിയിരുന്നത്. നോമ്പ് കാലത്ത് ജിദ്ദയിലെ പുരാതന ഡിസ്ട്രിക്റ്റുകളായ മദ്ലൂം, ശാം, ബഹ്ര്‍, യമന്‍ എന്നിവിടങ്ങളിലെ പ്രധാന ഭക്ഷണ വിഭമായിരുന്നു ഫൂല്‍. നിരവധി ഫൂല്‍ വില്‍പന കേന്ദ്രങ്ങള്‍ അവിടെയുണ്ടായിരുന്നു. റമദാനിന്‍െറ രാവുകളില്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് പ്രമുഖ വ്യക്തികളും വ്യവസായ പ്രമുഖകരുമെല്ലാം ഫൂലും തേടി പുരാതന ഡിസ്ട്രികളിലത്തെുക പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.