ജുബൈൽ: 2027ലെ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിനായി സൗദി അറേബ്യ മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുകയും നാല് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (എസ്.എ.എഫ്.എഫ്) അറിയിച്ചു. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് ടൂർണമെന്റിനായി നിർമിക്കുന്ന മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ.
മെട്രോ ട്രെയിനിൽ എളുപ്പത്തിൽ എത്തിച്ചേരാനാവും വിധമായിരിക്കും റിയാദിൽ നിർമിക്കുന്ന സ്റ്റേഡിയം. അതുല്യമായ രൂപകൽപനയിലുള്ളതും രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതും വലിയ ഉൾക്കൊള്ളൽ ശേഷിയുള്ളതുമായ സ്റ്റേഡിയമായിരിക്കും.
ദമ്മാം സ്റ്റേഡിയമാണ് ഉടൻ നിർമിക്കുന്ന രണ്ടാമത്തേത്. അത് പ്രദേശത്തിന്റെ പരിസ്ഥിതിക്കും ആരാധകരുടെ അനുഭവത്തിനും സൗന്ദര്യാത്മക സംതൃപ്തിക്കും അനുയോജ്യമായ ആധുനിക സവിശേഷതകളുള്ളതാണ്.
റിയാദിലെ ഖിദ്ദിയ സ്റ്റേഡിയം 2027ൽ ഏഷ്യക്ക് നൽകുന്ന വലിയ സർഗാത്മകമായ സംഭാവനകളിൽ ഒന്നായിരിക്കും. പുനരുദ്ധരിക്കുന്ന സ്റ്റേഡിയങ്ങളിൽ ട്രാക്ക് നീക്കം ചെയ്യൽ, സീറ്റുകളുടെ എണ്ണം വർധിപ്പിക്കൽ, പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടും. റിയാദിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം നിർദിഷ്ട മെട്രോ സ്റ്റേഷന് അടുത്താണ്.
റണ്ണിങ് ട്രാക്ക് നീക്കം ചെയ്യൽ, ശേഷി വർധിപ്പിക്കൽ, സൗകര്യങ്ങൾ വിപുലപ്പെടുത്തൽ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ വൈകാതെ ആരംഭിക്കും.
ഖോബാറിലെ അമീർ സഊദ് ബിൻ ജലാവി സിറ്റി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളൽ ശേഷി ഉയർത്തുന്നത് പോലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുക. ദമ്മാമിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഇരിപ്പിടശേഷി വർധിപ്പിക്കുക, ട്രാക്ക് നീക്കം ചെയ്യുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
മൂന്ന് നഗരങ്ങളിലെ ഏഴ് സ്റ്റേഡിയങ്ങളിലാണ് ടൂർണമെന്റ് നടക്കുക.
2027ലെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ഏഷ്യൻ കപ്പ് നടത്താനുള്ള കരാർ സൗദി അറേബ്യ അടുത്തിടെയാണ് നേടിയത്.
മനാമയിൽ നടന്ന കോൺഫെഡറേഷൻ ജനറൽ കോൺഗ്രസിന്റെ 33ാമത് സെഷനാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.