ജിദ്ദ: രാജ്യത്തെ എയർപ്പോർട്ടുകളിൽനിന്ന് ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാൽ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. അനധികൃത ടാക്സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു. ഇത്തരം സർവിസ് നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്സി ലൈസൻസുള്ള കമ്പനികളിലൊന്നിന് കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽനിന്ന് പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു.
വ്യാജ ടാക്സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് ഹോൾഡിങ് കമ്പനി എന്നിവയുമായി സഹകരിച്ച് ‘ലൈസൻസില്ലാത്ത വാഹനങ്ങളിൽ നീ യാത്രചെയ്യരുത്’ എന്ന തലക്കെട്ടിൽ സംയുക്ത ബോധവൽക്കരണ കാമ്പയിനും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ യാത്രക്കാർക്ക് സുരക്ഷിതത്വവും നല്ല അനുഭവവും ഉറപ്പുനൽകുമെന്ന് അതോറിറ്റി വിശദീകരിച്ചു.
സുരക്ഷയുടെയും ഗുണനിലവാരത്തിെൻറയും ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സുഗമമായ ഗതാഗത അനുഭവം അത് ഉറപ്പാക്കുന്നു. ഏകദേശം 2000 ടാക്സികൾ, 55ലധികം കാർ റെൻറൽ ഓഫീസുകൾ, പൊതുഗതാഗത ബസുകൾ, ലൈസൻസ്ഡ് ടാക്സി ആപ്പുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് ആവശ്യമായ ഗതാഗത സൗകര്യം സൗദിയിലെ വിമാനത്താവളങ്ങളിൽനിന്ന് ലഭ്യമാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹറമൈൻ എക്സ്പ്രസ് ട്രയിനുമുണ്ട്.
പണം ഡിജിറ്റൽ പേയ്‌മെൻറായി നൽകാം, സഞ്ചാര പാത നേരിട്ട് ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ടാക്സി ലൈസൻസുള്ള കമ്പനികൾ നൽകുന്ന ഉറപ്പ്. ഇത് യാത്രക്കാരുടെ സുഖസൗകര്യങ്ങളുടെയും സുരക്ഷയുടെയും നിലവാരം ഉയർത്തുന്നതിന് സഹായിക്കും. വിമാനത്താവളങ്ങളിൽ ഉയർന്ന നിലവാരമുള്ള ഗതാഗത സേവനങ്ങൾ നൽകുന്നത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.