റിയാദ്: മരുഭൂമിൽനിന്നും ശേഖരിച്ച വിറകുകൾ വിൽക്കാൻ ശ്രമിച്ച ഇന്ത്യക്കാരടക്കം 69 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. പരിസ്ഥിതി നിയമം കർശനമാക്കിയതിനുപിന്നാലെയാണ് അറസ്റ്റ്. വിറകു കയറ്റിയ 188 വാഹനങ്ങളും പിടിച്ചെടുത്തു.
രാജ്യത്ത് മരങ്ങൾ മുറിക്കുന്നതും വിൽക്കുന്നതും പുതിയ നിയമപ്രകാരം രണ്ടുലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. തണുപ്പു കാലം ആരംഭിച്ചതിനാൽ തീകായാനുള്ള വിറകുവിൽപന സജീവമായ സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.
രാജ്യത്ത് പരിഷ്കരിച്ച പരിസ്ഥിതി നിയമം പ്രകാരം മരങ്ങൾ മുറിക്കുന്നതും വിറക് കടത്തുന്നതും കുറ്റകരമാണ്. മരങ്ങൾ രാജ്യത്തുടനീളം വെച്ചുപിടിപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനിടയിലാണ് പരിസ്ഥിതി സുരക്ഷാവിഭാഗം പരിശോധന ശക്തമാക്കിയത്. കഴിഞ്ഞദിവസം ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്റ്റിലായത്.
37 സ്വദേശികളെയും അറസ്റ്റ് ചെയ്തു. റിയാദ്, മക്ക, മദീന, ഖസീം, കിഴക്കന്‍ പ്രവിശ്യ, അല്‍ജൗഫ്, വടക്കൻ മേഖല, തബൂക്ക് എന്നീ ഭാഗങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. പുതിയ നിയമ പ്രകാരം വിറകുകടത്തിന് ഏറ്റവും കുറഞ്ഞ പിഴ 10,000 റിയാലാണ്. മരം വെട്ടിയതായി കണ്ടെത്തിയാൽ അരലക്ഷം റിയാൽ വരെ പിഴ ലഭിക്കും. പാർക്കുകളിലും തുറന്ന പ്രദേശങ്ങളിലുമുള്ള മരം നശിപ്പിച്ചാലും സമാനമായ ശിക്ഷ ലഭിക്കും. തീ കായാൻ നിലത്ത് നേരിട്ട് തീയിടുന്നതും വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.