യാംബു: രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങൾ ഞായറാഴ്ച തുറന്നു. സ്കൂളുകളിലെയും സർവകലാശാലകളിലെയും സാങ്കേതിക തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങളിലെയും 70 ലക്ഷം വിദ്യാർഥികൾ തിരികെയെത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 60 ലക്ഷം സ്കൂൾ വിദ്യാർഥികളാണ് ക്ലാസുകളിൽ മടങ്ങിയെത്തിയത്. കോളജുകളിലെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലുമായി 13,60,000 വിദ്യാർഥികളുമാണ് ഞായറാഴ്ച ക്ലാസുകളിൽ തിരിച്ചെത്തി പഠനം പുനരാരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആറായിരത്തിലധികം സ്കൂളുകളിൽ 12 ലക്ഷത്തിലധികം വിദ്യാർഥികൾ റിയാദ് പ്രവിശ്യയിൽ മാത്രം സ്കൂളുകളിൽ തിരിച്ചെത്തി. മദീന മേഖലയിൽ മൂന്നര ലക്ഷത്തിലധികം വിദ്യാർഥികളാണെത്തിയത്. കെ.ജി വിഭാഗങ്ങളടക്കം 1,814 വിദ്യാലയങ്ങളും 28,000-ത്തിലധികം അധ്യാപകരുമാണ് മദീന മേഖലയിലുള്ളതായി വിദ്യാഭ്യാസ ഡയറക്ടർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽ അബ്ദുൽകരീം അറിയിച്ചു.
വടക്കൻ അതിർത്തി മേഖലകളിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസുകളിലെത്തി പഠനം പുനരാരംഭിച്ചതെന്ന് നോർതേൺ ബോർഡേഴ്സ് എജുക്കേഷൻ വക്താവ് അബ്ദുൽ ഹാദി അൽ ഷമ്മരി അറിയിച്ചു. രണ്ടര ലക്ഷത്തിലധികം വിദ്യാർഥികൾ ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 1,200 സ്കൂളുകളിൽ ഹാജരായതായി പ്രവിശ്യ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഫഹദ് ഒഖാല പറഞ്ഞു. തബൂക്ക് മേഖലയിലെ പൊതുവിദ്യാഭ്യാസ സ്കൂളുകളിലെ രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് എത്തിയതെന്ന് മേഖല വിദ്യാഭ്യാസ ഡയറക്ടർ ജനറൽ മാജിദ് ബിൻ അബ്ദുറഹ്മാൻ അൽ ഖൈർ ചൂണ്ടിക്കാട്ടി. നജ്റാൻ മേഖല വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 820 സ്കൂളുകളിൽ 1,61,000 ലധികം വിദ്യാർഥികളാണുള്ളതെന്ന് മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ മൻസൂർ അബ്ദുല്ല അൽ ഷുറൈം വ്യക്തമാക്കി.
പടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട ജിദ്ദ മേഖലയിലെ സ്കൂളുകളിൽ ഏഴ് ലക്ഷം വിദ്യാർഥികളാണ് ഹാജരായതെന്ന് മേഖല പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ മനാൽ അൽ ലുഹൈബി അറിയിച്ചു. വർഷങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ വേനലവധിയാണ് ഈ വർഷം വിദ്യാർഥികൾക്ക് ലഭിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം മൂന്നു സെമസ്റ്റർ സംവിധാനം നടപ്പാക്കിയതിനാലാണ് വേനലവധി കുറഞ്ഞത്. നേരത്തേ മൂന്നു മാസവും അതിലധികവുമായിരുന്നു അവധിക്കാലമായി ലഭിച്ചത്. ഇത്തവണ ഓരോ ടേം കഴിഞ്ഞ് കുറച്ചുദിവസം വീതം അവധി നൽകുന്ന രീതിയാണ് മന്ത്രാലയം നടപ്പാക്കിയത്. പുതിയ അധ്യായന വർഷത്തെ വരവേൽക്കുന്ന വിദ്യാർഥികൾക്കുള്ള സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽ ബുനിയാൻ അഭിനന്ദിച്ചു: ‘വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്ന പ്രിയ വിദ്യാർഥികളെ, നിങ്ങളെ അഭിനന്ദിക്കുന്നു, നിങ്ങൾക്ക് ഏറ്റവും ഉന്നതമായ അധ്യയന വർഷം ആശംസിക്കുന്നു.’ വിദ്യാർഥികൾക്ക് മികവിന്റെ പാഠങ്ങൾ പകർന്നുനൽകി അവരെ തൊഴിൽ മേഖലയിലേക്ക് കഴിവുറ്റവരാക്കി ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തരാക്കുന്ന അധ്യാപകരെയും അഭിനന്ദിക്കുന്നതായും മന്ത്രി സന്ദേശത്തിൽ കൂട്ടിച്ചേർത്തു.വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സാമഗ്രികളും വിപണിയിലെത്തിയിട്ടുണ്ട്. സ്കൂളുകളിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ‘ബാക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചും രാജ്യത്തെ ചില സൂപ്പർ മാർക്കറ്റുകളും ഹൈപർ മാർക്കറ്റുകളും വിപണി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.