ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ മൊഹായിൽ ജയിൽ മേധാവി കേണൽ അബ്ദുല്ല ദാഫിർ അൽഷഹിരിയെ സന്ദർശിച്ചപ്പോൾ

അസീറിലെ ജയിലുകളിൽ 71 ഇന്ത്യക്കാർ, അധികവും മയക്കുമരുന്ന് കേസിലെ പ്രതികൾ

അബഹ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ അസീറിലെ വിവിധ ജയിലുകൾ സന്ദർശിച്ചു. ഖമീസ് മുശൈത്ത് സെൻട്രൽ ജയിലിൽ 12 വർഷത്തോളമായ യു.പി സ്വദേശിയുൾപ്പെടെ 56 ഇന്ത്യക്കാരുണ്ടെന്ന് കണ്ടെത്തി. കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, പഞ്ചാബ്, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഏറെ പേരും. മൊഹായിൽ ജയിലിൽ എട്ടും ബീഷയിൽ ഏഴും ഇന്ത്യക്കാരുണ്ട്. മദ്യവും മയക്കുമരുന്നും കടത്തിയതാണ് കൂടുതൽ പേരും ചെയ്ത കുറ്റം. മദ്യലഹരിയിൽ മതവികാരം വ്രണപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച കേസിൽ ഉൾപ്പെട്ട ഉത്തരേന്ത്യക്കാരായ നാലംഗ സംഘവും ശിക്ഷകാലാവധി കഴിഞ്ഞ് നാട്ടിൽപോകാൻ അവസരം കാത്തിരിക്കുന്നുണ്ട്.

മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും നിരവധിയുണ്ട്. ജീസാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'ഗാത്ത്' (ഒരിനം ചെടിയിൽനിന്നുള്ള ലഹരിവസ്തു) കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ ചതിയിൽപെട്ട് ജയിലിലായവരാണ് മലയാളികളിൽ അധികം പേരും. നാട്ടിൽനിന്ന് സൗദി ഡ്രൈവിങ് ലൈസൻസും ഇവിടെ മുൻപരിചയവുമുള്ള യുവാക്കളെ ഫ്രീ വിസയിൽ കൊണ്ടുവന്ന് അവരുടെ പേരിൽ വാടകക്കെടുത്ത വാഹനങ്ങളിൽ രഹസ്യ അറയുണ്ടാക്കി ഡ്രൈവർമാരറിയാതെ 'ഗാത്ത്' നിറച്ച ശേഷം ജിദ്ദ, റിയാദ് തുടങ്ങിയ പട്ടണങ്ങളിലേക്ക് കൊടുത്തുവിടുകയാണ് സംഘം ചെയ്യുന്നതെന്ന് തടവുകാരനായ മലയാളി കോൺസുലേറ്റ് സംഘത്തോട് പറഞ്ഞു.

ഇത്തരത്തിൽ രഹസ്യ അറകൾ ഉണ്ടാക്കുന്നതുകൊണ്ട് വാഹനത്തിനുണ്ടായ കേടുപാടുകളുടെ പേരിൽ വാടകസ്ഥാപനം വാടകക്കാരന് 25 ലക്ഷം രൂപക്ക് തത്തുല്യമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനാൽ, ഇത് കൊടുക്കാനാകാതെ മയക്കുമരുന്നു കടത്ത് കേസിൽ ശിക്ഷ കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും മോചിതനാകാൻ കഴിയാത്തവരും കൂട്ടത്തിലുണ്ട്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ശിക്ഷ കാലാവധി കഴിഞ്ഞ ഖമീസ് ജയിലിൽനിന്ന് എട്ടും മൊഹായിൽ ജയിലിൽനിന്ന് അഞ്ചും ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. സംഘം അസീർ ജവാസാത്തിന്റെ നാടുകടത്തൽ കേന്ദ്രവും സന്ദർശിച്ചു. നാടുകടത്തൽ കേന്ദ്രത്തിലും ജയിലുകളിലും കഴിയുന്നവർക്ക് ഔട്ട്പാസ് നൽകുന്നതിനുള്ള നടപടികളും സംഘം സ്വീകരിച്ചു.

ജയിലിലെ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങൾ സംഘം ജയിൽ മേധാവികളുടെ ശ്രദ്ധയിൽപെടുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അധികൃതർ കോൺസുലേറ്റ് സംഘത്തിന് ഉറപ്പുനൽകുകയും ചെയ്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വൈസ് കോൺസൽ നമോ നാരായൺ മീനയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കോൺസുലേറ്റ് സീനിയർ ഉദ്യോഗസ്ഥൻ ഫൈസൽ, ജീവകാരുണ്യ വിഭാഗം കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, ഒ.ഐ.സി.സി ഖമീസ് ടൗൺ കമ്മിറ്റി പ്രസിഡന്റ് റോയി മൂത്തേടം എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - 71 Indians, mostly accused in drug cases, in Azir jails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.