ജിദ്ദ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി 80000ത്തിലേറെ ഹാജിമാർ പുണ്യഭൂമിയിലെത്തിയതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. 1,70,025 ഹാജിമാരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് വരുന്നത്. ഇതിൽ 1,25,025 പേർ സർക്കാർ കമ്മിറ്റി മുഖേനയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ് വഴിയുമാണ്.
കോൺസുലേറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സി.ജി. കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘം ആഗസ്റ്റ് 28-ന് മക്കയിലെത്തും. ഇലക്ട്രോണിക് വിസ സംവിധാനം യാഥാർഥ്യമായതിനാൽ എമിഗ്രേഷൻ നടപടികൾക്കായി ഹാജിമാർക്ക് കൂടുതൽ സമയം വിമാനത്തവളങ്ങളിൽ കാത്തിരിക്കേണ്ട അവസ്ഥയില്ല. സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ സഹകരണത്തോടെ എല്ലാ മേഖലയിലും കുറ്റമറ്റ സൗകര്യങ്ങളും സേവനങ്ങളും ഹാജിമാർക്ക് ഉറപ്പു വരുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് അവസാനിച്ചു. ബാക്കി ഹാജിമാർ ജിദ്ദ വിമാനത്താവളം വഴി വന്ന് നേരെ മക്കയിലേക്കാണ് പോവുന്നത്. മക്കയിൽ അസീസിയ്യയിലാണ് ഭൂരിഭാഗം ഹാജിമാർക്കും താമസം. 13000 ത്തോളം പേർക്ക് ഗ്രീൻ കാറ്റഗറിയിൽ ഹറമിന് സമീപമാണ് താമസം. മക്കയിൽ ഹാജിമാരുടെ ആരോഗ്യസേവനത്തിനായി ആശുപത്രികളും ഡിസ്പെൻസറികളും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വന്ന ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. മിനയിൽ ഇത്തവണ മൂന്ന് നേരത്തെ ഭക്ഷണം വിതരണം ചെയ്യും. മദീനയിൽ ഹാജിമാർക്ക് ഭക്ഷണ വിതരണമുണ്ടാവില്ല.
അസീസിയ്യയിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യമുണ്ട്. അതേ സമയം ഗ്രീൻ കാറ്റഗറിയിൽ താമസിക്കുന്നവർക്ക് ആ സൗകര്യം ഉണ്ടാവില്ല. നാട്ടിൽ നിന്നുതന്നെ ഹാജിമാർക്ക് സിം കാർഡുകൾ നൽകുന്നുണ്ട്. അത് ഇവിടെ എത്തിയ ശേഷം ബന്ധപ്പെട്ട കമ്പനിയുടെ ആളുകളെത്തി വിരലടയാളം നൽകിയ ശേഷമാണ് ആക്ടീവ് ആവുക. ഇത്തവണ 65000 ഇന്ത്യൻ ഹാജിമാർക്കാണ് മശാഇർ മെട്രോട്രെയിൻ സർവീസ് സൗകര്യം ലഭിക്കുക. ബാക്കിയുള്ളവർക്ക് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് ബസ് സർവീസ് ലഭിക്കും. ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലമും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.