യാംബു: സൗദി ദേശീയദിനാഘോഷത്തിലും പൊതു അവധിയിലും 97 ശതമാനം പൗരന്മാരും സന്തുഷ്ടരെന്ന് സർവേ ഫലം. സ്വദേശികൾക്കിടയിൽ പ്രമുഖ അറബ് പത്രമായ 'ഉക്കാദ്' നടത്തിയ സർവേയിലാണ് 97 ശതമാനം സൗദി പൗരന്മാരും ദേശീയ ദിനാഘോഷ പരിപാടികളിലും അതിെൻറ ഭാഗമായ പൊതു അവധിയിലും ഏറെ സന്തുഷ്ടരാണെന്ന വിവരം പുറത്തുവിട്ടത്.
സൗദി അറേബ്യയുടെ പാരമ്പര്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് സൗദി ഭരണകൂടം ഈ ദിവസത്തെ കാണുന്നത്. രാജ്യത്തിെൻറ പാരമ്പര്യത്തെ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തിെൻറ മഹത്വവും അഭിമാനവും ഉയർത്തുകയും സമ്പുഷ്ടമായ ചരിത്രം ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം അബ്ദുൽ അസീസ് രാജാവിെൻറ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനുള്ള അവസരമായും ഈ ദിവസത്തെ കാണുന്നു.
90ാമത് ദേശീയ ദിനത്തിൽ 'സൗദി സെൻറർ ഫോർ ഒപീനിയൻ പോൾസ്' നടത്തിയ സർവേയിൽ 89 ശതമാനം സൗദികളും ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കാളികളായി ദേശീയ ഐക്യത്തിന് കരുത്തേകാൻ രംഗത്തിറങ്ങുന്നതായി കണ്ടെത്തി.രാജ്യത്തിെൻറ ഏകീകരണത്തിെൻറ വാർഷികത്തെയാണ് ദേശീയദിനം സൂചിപ്പിക്കുന്നതെന്ന് രാജ്യത്തെ 87.9 ശതമാനം സൗദികൾക്കും അറിയാമെന്നും 77.9 ശതമാനം പേർക്ക് ഈ വർഷം 90ാമത് ദേശീയദിനമായി ആഘോഷിക്കുന്നതിനെ കുറിച്ചുള്ള ധാരണയുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 96.9 ശതമാനം പേർ ദേശീയദിനം ഒരു അവധി ദിവസമായതിൽ ഏറെ സന്തോഷിക്കുന്നവരാണ്. 94.5 ശതമാനം ആളുകളും ദേശീയദിനത്തിലുള്ള ഷോപ്പിങ് ഡിസ്കൗണ്ടുകളിൽ സന്തോഷിക്കുന്നവരാണ്. 92.8 ശതമാനം എയർഷോകൾ ആസ്വദിക്കുന്നവരും 84.8 ശതമാനം പേർ കലാ സാംസ്കാരിക പാരമ്പര്യ പരിപാടികളിൽ ഉല്ലാസം കാണുന്നവരുമാണ്.ആഘോഷദിനങ്ങളിലെ പടക്കങ്ങളുടെയും ലേസർ ഷോകളുടെയും പ്രദർശനങ്ങൾ ആസ്വദിക്കുന്നവർ 77.9 ശതമാനം പേർ ഉണ്ടെന്നും സർവേ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.