സൗദി ശൂറാ കൗൺസിൽ സ്​പീക്കർ ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ്​ ആലുശൈഖ്​ ഇന്ത്യൻ ലോകസഭാ സ്​പീക്കർ ഓം ബിർളയോടൊപ്പം

ജി 20 പാർലമെൻറ്​ തലവന്മാരുടെ ഉച്ചകോടി; സൗദി ശൂറാ കൗൺസിൽ സ്​പീക്കറും സംഘവും ന്യൂഡൽഹിയിൽ

ജിദ്ദ: ന്യുഡൽഹിയിൽ നടക്കുന്ന ജി 20 രാജ്യങ്ങളിലെ പാർലമെൻറ്​ തലവന്മാരുടെ ഒമ്പതാമത് ഉച്ചകോടിയിൽ സൗദി ​ശൂറാ കൗൺസിൽ സ്​പീക്കറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ​ങ്കെടുത്തു. ‘ഒരു ദേശത്തിനും ഒരു കുടുംബത്തിനും ഒരു ഭാവിക്കുമുള്ള പാർലമെൻറുകൾ’ എന്ന പേരിൽ ഇൻറർ പാർലമെൻററി യൂനിയന്റെ സഹകരണത്തോടെ നടക്കുന്ന ഉച്ചകോടിയിലാണ്​ സ്പീക്കർ ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിന്റെ നേതൃത്വത്തിൽ സൗദി ശൂറാ പ്രതിനിധി സംഘം പ​ങ്കെടുത്തത്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇൻറർ പാർലമെൻററി യൂനിയൻ പ്രസിഡൻറ്​ ഡുവാർട്ടെ പച്ചെക്കോ എന്നിവരുടെ സാന്നിധ്യത്തിൽ ജി 20 അംഗരാജ്യങ്ങളുടെയും പിന്തുണയ്​ക്കുന്ന രാജ്യങ്ങളുടെയും പാർലമെൻറ്​ തലവന്മാരാണ്​ ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നത്​.

രാജ്യം പ്രതിനിധീകരിക്കുന്ന രാഷ്​ട്രീയവും സാമ്പത്തികവുമായ മികവും എല്ലാ തലങ്ങളിലുമുള്ള ആഗോള നേതൃത്വവും കണക്കിലെടുക്കുമ്പോൾ ആഗോള ഫോറങ്ങൾ, ഉച്ചകോടികൾ, പ്രാദേശിക, അന്തർദേശീയ സമ്മേളനങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കാൻ സൽമാൻ രാജാവ്​, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നേതൃത്വത്തിലെ സൗദി ഭരണകൂടം വലിയ താൽപര്യവും പ്രതിബദ്ധതയുമാണ്​ കാണിക്കുന്നതെന്ന് പത്രപ്രസ്താവനയിൽ സ്പീക്കർ ശൈഖ് ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈ​ഖ്​ പറഞ്ഞു.

ഔദ്യോഗിക, പാർലമെൻററി തലങ്ങളിൽ ജി20 -യിൽ സൗദി അംഗത്വം നേടിയത് ആഗോള ഊർജ വിപണികളുടെ സ്ഥിരത വർധിപ്പിക്കുന്നതിൽ രാജ്യം വഹിക്കുന്ന നേതൃപരമായ പങ്കിന്റെ സ്ഥിരീകരണമാണെന്ന്​ സ്​പീക്കർ ചൂണ്ടിക്കാട്ടി. ലോകത്ത്​ ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കുകയും ആഗോള വില സന്തുലനാവസ്ഥ നിലനിർത്തുകയും ചെയ്തുകൊണ്ടാണിത്​. ലോകത്ത്​ സൗദിയുടെ സാമ്പത്തിക ഭദ്രതയും മികവും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷിതത്വവും സമാധാനവും കൈവരിക്കുന്നതിന്​ രാജ്യം നടത്തുന്ന ഗൗരവവും ക്രിയാത്മകവുമായ ശ്രമങ്ങളുമെല്ലാം ലോകത്ത്​ സൗദിയുടെ സ്ഥാനം ബലപ്പെടുത്തുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പങ്കാളിത്തത്തിൽ ഇന്ത്യയിൽ നടന്ന 18-ാമത് ജി 20 ഉച്ചകോടിയിൽ സൗദി അറേബ്യയുടെ സജീവ പങ്കാളിത്തവും അത് നേടിയ ഫലങ്ങളും ശൂറ കൗൺസിൽ സ്​പീക്കർ സൂചിപ്പിച്ചു.

ഉദ്ഘാടനത്തിനുശേഷം സ്പീക്കർ ശൈഖ് ഡോ. അബ്​ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖിന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം പാർലമെൻറ്​ തലവന്മാരുടെ ഒമ്പതാമത് ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ പങ്കെടുത്തു. ജി 20 അംഗ രാജ്യങ്ങൾ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.

പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ പരിവർത്തനം, സ്ത്രീകൾ നയിക്കുന്ന വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ ത്വരിതപ്പെടുത്തൽ, സുസ്ഥിര ഊർജ പരിവർത്തനം തുടങ്ങിയവ ചർച്ച ചെയ്​തതിലുൾപ്പെടും. ശൂറാ കൗൺസിൺ അസിസ്​റ്റൻറ്​ സ്പീക്കർ ഡോ. ഹനാൻ ബിൻത് അബ്​ദുറഹീം അൽ അഹ്​മദി, ഡോ. അബ്​ദുൽ അസീസ് ബിൻ ഇബ്രാഹിം അൽമുഹന്ന, ഡോ. ഖാലിദ് ബിൻ അബ്​ദുൽ മുഹ്സിൻ അൽമുഹൈസിൻ, ഡോ. റീമ ബിൻത് സാലിഹ് അൽയഹ്​യ, ഉസാമ ബിൻ യാസിൻ അൽഖയാരി, ഡോ. ഹൈഫ ബിൻത് ഹമൂദ് അൽഷമ്മരി എന്നീ ശൂറാ കൗൺസിൽ അംഗങ്ങളാണ്​ സംഘത്തിലുള്ളത്​.

Tags:    
News Summary - 9th G20 Parliamentary Speakers' Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.