റിയാദ്: സൗദി അറേബ്യയും ചൈനയും സാംസ്കാരിക സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചു. സാംസ്കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന് നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ബീജിങ് സന്ദർശനത്തിനിടെയാണ് സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ചൈനീസ് സാംസ്കാരിക ടൂറിസം മന്ത്രി സൺ യാലിയും കരാറുകളിൽ ഒപ്പുവെച്ചത്.
മ്യൂസിയങ്ങൾ, സാംസ്കാരിക പൈതൃകം, തിയറ്റർ, പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലൈബ്രറികൾ, പരമ്പരാഗത കരകൗശല കലകൾ എന്നീ മേഖലകളിലെ സഹകരണം ഉൾപ്പെടുന്നു.
കൂടാതെ വിവിധ സാംസ്കാരിക മേഖലകളിലെ സംയുക്ത പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, സാംസ്കാരികവശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും കൈമാറ്റം ചെയ്യുക, ഇരു രാജ്യങ്ങളും തമ്മിലെ ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കാളിത്തം കൈമാറുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സുഗമമാക്കുക, ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ കലാപരമായ റെസിഡൻസി പരിപാടികൾ സജീവമാക്കുക, എല്ലാ തരത്തിലുമുള്ള പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിലെ അനുഭവങ്ങൾ കൈമാറുക, ഇരു രാജ്യങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കുക എന്നിവയാണ് ധാരണയിലുള്ളത്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ താൽപര്യത്തിന്റെ ഭാഗമാണ് ഈ ധാരണ. എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളിലും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമാണ്.
സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സൗദിയിലെ സാംസ്കാരിക സംവിധാനവും നിരവധി ചൈനീസ് സാംസ്കാരിക സംഘടനകളും തമ്മിൽ നിലവിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് സൗദി സാംസ്കാരിക മന്ത്രി ബീജിങ്ങിലെത്തിയത്.
ചൈനീസ് സാംസ്കാരിക വിനോദസഞ്ചാര മന്ത്രി സൺ യാലിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി സന്ദർശിക്കാനും അതിന്റെ സാംസ്കാരിക രംഗങ്ങളെക്കുറിച്ച് പഠിക്കാനും അതിലെ സംസ്കാരം, ആളുകൾ, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക അടയാളങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനും ചൈനീസ് മന്ത്രിയെ ക്ഷണിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സാംസ്കാരിക സഹകരണത്തെ മന്ത്രി പ്രശംസിച്ചു.
ഇരു രാജ്യങ്ങളെയും അവരുടെ ജനതയെയും സേവിക്കുന്നതിനായി വിവിധ സാംസ്കാരിക മേഖലകളിലെ സഹകരണത്തിന്റെ ചക്രവാളങ്ങൾ വിപുലീകരിക്കാനുള്ള സൗദിയുടെ താൽപര്യം മന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.