റിയാദ്: അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നതും അവസാനിപ്പിക്കണമെന്ന് സൗദി-ആഫ്രിക്കൻ ഉച്ചകോടി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ആരംഭിച്ച ഉച്ചകോടിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ ഭരണാധികാരികളും പ്രതിനിധികളും ഇസ്രായേൽ ആക്രമണം നിർത്തണമെന്നും ഫലസ്തീനികളെ കുടിയിറക്കുന്നത് അവസാനിപ്പിക്കണമെന്നും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്.
രാഷ്ട്രാന്തരീയ സമാധാന, മാനുഷിക നിയമങ്ങൾക്ക് അനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കേണ്ടതിെൻറയും ഗസ്സയിൽ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അന്താരാഷ്ട്ര സംഘടനകളെ പ്രാപ്തരാക്കേണ്ടതിെൻറയും ആവശ്യകതയും ഉച്ചകോടി ഉൗന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഗസ്സയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നത്.
ഇസ്രായേലി ആക്രമണങ്ങൾ തടയാൻ ഇസ്രായേലി പക്ഷത്തെ സമ്മർദത്തിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം വഹിക്കേണ്ട പങ്കിെൻറ പ്രാധാന്യവും ഉച്ചകോടിയിൽ പെങ്കടുത്തവർ ചുണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സംഘടനകൾ പ്രത്യേകിച്ച് യു.എൻ.ആർ.ഡബ്ല്യു.എ ഉൾപ്പെടെയുള്ളവയ്ക്ക് ഫലസ്തീൻ ജനതക്ക് മാനുഷികവും ദുരിതാശ്വാസ സഹായവും നൽകുന്നതിൽ അന്താരാഷ്ട്ര മാനുഷിക സംഘടനകളെ അനുവദിക്കേണ്ടതിെൻറ ആവശ്യകത ഉച്ചകോടി ശക്തമായി ആവശ്യപ്പെട്ടു.
രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ആദരവും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും പ്രസ്താവന ആവശ്യപ്പെട്ടു. സംയുക്ത ബന്ധത്തിെൻറ പാതയിലും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിലും ചരിത്രപരമായ വഴിത്തിരിവാണ് സൗദി-ആഫ്രിക്കൻ ഉച്ചകോടിയെന്ന് പ്രസ്താവന പറഞ്ഞു.
സൗദി അറേബ്യ-ആഫ്രിക്കൻ രാജ്യങ്ങളുടെ പങ്ക് എടുത്തുപ്പറയുന്നുവെന്നും ആഫ്രിക്കൻ യൂനിയെൻറ ജി20 പ്രവേശനത്തെ പിന്തുണക്കുന്നുവെന്നും പ്രസ്താവനയിലുണ്ട്. സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ മേഖലകളിൽ സൗദിക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമിടയിൽ തന്ത്രപരമായ സഹകരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫലപ്രദമായ പങ്കാളിത്തം’ എന്ന തലക്കെട്ടിലാണ് ആദ്യത്തെ സൗദി-ആഫ്രിക്കൻ ഉച്ചകോടിക്ക് റിയാദ് ആതിഥേയത്വം വഹിച്ചത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയിൽ പങ്കെടുക്കാൻ നിരവധി ആഫ്രിക്കൻ നേതാക്കളാണ് റിയാദിലെത്തിയത്. സൗദിയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിെൻറയും സംയുക്ത നിക്ഷേപത്തിെൻറയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. റിയാദിൽ ‘വേൾഡ് എക്‌സ്‌പോ 2030’ന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ സ്ഥാനാർഥിത്വത്തിന് ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ സ്ഥാനാർഥിത്വത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വിവിധ മേഖലകളിൽ ഗുണപരമായ നിക്ഷേപം വർധിപ്പിക്കുന്നതിന് സൗദി കമ്പനികളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദിയിലെ വലിയ നിക്ഷേപാവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് ആഫ്രിക്കൻ നിക്ഷേപകരെയും കമ്പനികളെയും സൗദി സ്വാഗതം ചെയ്തു. ഉച്ചകോടിയുടെ സമാപനത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സൗദി-ആഫ്രിക്കൻ ബന്ധങ്ങൾക്കായുള്ള റിയാദ് പ്രഖ്യാപന റോഡ് മാപ്പ് കരട് അംഗീകരിച്ചതായും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.