ദമ്മാം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ദമ്മാമിൽ കോവിഡ് വാക്സിനേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. നിർമാണപ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും പൂർത്തിയാക്കി ദിവസങ്ങൾക്കു മുമ്പാണ് കേന്ദ്രം പ്രവർത്തനസജ്ജമായത്. ഉദ്ഘാടനം കഴിഞ്ഞുള്ള ആദ്യ രണ്ടു ദിവസങ്ങൾക്കകം 200ഓളം പേർ ഈ കേന്ദ്രത്തിൽനിന്ന് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. 5000ത്തോളം പേർക്ക് ദിനേന കുത്തിവെപ്പെടുക്കാവുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നതതെന്ന് സെൻറർ അസി. ഡയറക്ടർ റാമി സാമിർ പറഞ്ഞു. ദമ്മാം കിങ് ഫഹദ് അതിവേഗ പാതയിലെ ഗ്രീൻ ഹാളിലാണ് ഭീമൻ വാക്സിനേഷൻ സെൻറർ ഒരുക്കിയിരിക്കുന്നത്.
കായികമത്സരങ്ങൾ നടക്കാറുള്ള സ്റ്റേഡിയത്തിനകത്ത് സംവിധാനിച്ച കേന്ദ്രത്തിൽ 64ഓളം വെവ്വേറെ ചെറിയ ക്ലിനിക്കുകളായാണ് പ്രവർത്തനം പുരോഗമിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംവിധാനിച്ച കേന്ദ്രത്തിൽ പ്രത്യേകം കാത്തിരിപ്പുസ്ഥലവും വിശ്രമമുറിയും നിർമിച്ചിട്ടുണ്ട്. മതിയായ വാഹന പാർക്കിങ് സൗകര്യങ്ങളും മറ്റു ഭൗതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്മാം-അൽഖോബാർ നഗരത്തോടു ചേർന്നുള്ള സെൻററിൽ ആയിരക്കണക്കിന് സ്വദേശികൾക്കും താമസക്കാർക്കും കുത്തിവെപ്പ് എടുക്കൽ സുഗമമാവും. കുത്തിവെപ്പ് എടുക്കാനെത്തുന്നവരെ സഹായിക്കാൻ പ്രത്യേകം പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകരും വളൻറിയർമാരും സഹായത്തിനുണ്ടാവും. കാർ പാർക്കിങ് മുതൽ എല്ലാ ഏരിയയിലും മതിയായ നിർദേശങ്ങൾ നൽകി വളൻറിയർമാർ സദാ കർമനിരതരാണെന്ന് ആരോഗ്യ പ്രവത്തകനായ വളൻറിയർ മുഹമ്മദ് മുസ്ലിം പറഞ്ഞു.
നേരേത്ത പ്രവർത്തനമാരംഭിച്ച ദഹ്റാൻ, ഹഫറുൽ ബാതിൻ, അൽഅഹ്സ, റാസ് തന്നുറ, ജുബൈൽ എന്നീ കേന്ദ്രങ്ങൾക്കുശേഷമാണ് പ്രവിശ്യയിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായി ദമ്മാമിലെ കേന്ദ്രം തുറക്കുന്നത്. ജനുവരി രണ്ടാം വാരം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും കൂടുതൽ വാക്സിനേഷൻ സെൻററുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സംവിധാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം, ഏതാനും ആഴ്ചകൾക്കകം പ്രവിശ്യയിലെ അഞ്ചു കേന്ദ്രങ്ങളും യാഥാർഥ്യമായി.
ദേശീയ വാക്സിനേഷൻ പ്രചാരണ കാമ്പയിന് ഡിസംബർ 17ന് തുടക്കമായെങ്കിലും, മതിയായ അളവിൽ വാക്സിനേഷൻ ആഗോള വിപണിയിൽ ലഭ്യമാവാതിരുന്നതിനാൽ കാലതാമസം നേരിട്ടിരുന്നു. നേരേത്ത ഉണ്ടായിരുന്ന ഫൈസറിന് പുറമെ അസ്ട്രസെനക, മോഡേണ വാക്സിനുകൾക്കുകൂടി അനുമതി നൽകിയതോടെ, മൂന്നു പ്രമുഖ ആഗോള കമ്പനികളുടെ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായിട്ടാണ് വാക്സിൻ കാമ്പയിൻ നടത്തുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകടസാധ്യതയുള്ളവർക്കും ആദ്യ ഘട്ടത്തിലും 50 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടത്തിലും വാക്സിൻ നൽകും. മറ്റുള്ളവർക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ സിഹത്തീ ആപ് വഴി വാക്സിനേഷനായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.