തീപിടിച്ച വീട്ടിൽനിന്നും കുഞ്ഞുങ്ങളെയും വാരിയെടുത്തു പുറത്തേക്കോടുന്ന സൗദി യുവാവ് മൊയദ് മുഹമ്മദ് അൽ-യാമി

തീപിടിച്ച വീട്ടിൽ നിന്നും സ്​ത്രീയെയും കുട്ടികളെയും രക്ഷിക്കുന്ന സൗദി യുവാവി​ന്‍റെ വീഡിയോ വൈറൽ

അൽഖോബാർ: അഗ്​നിബാധയുണ്ടായ വീട്ടിലകപ്പെട്ട ഒരു കുടുംബത്തിലെ മുഴുവൻ പേരെയും സാഹസികമായി രക്ഷിച്ച സൗദി യുവാവി​ന്‍റെ ധീരത വൈറൽ. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്​നിജ്വാല വിഴുങ്ങിയ കെട്ടിടത്തിൽ നിന്നും നാല് മക്കളെയും രക്ഷിച്ച ദമ്മാമിലെ കിങ്​ അബ്​ദുൽ അസീസ് തുറമുഖം സുരക്ഷാസേനയിൽ ജീവനക്കാരനായ മൊയദ് മുഹമ്മദ് അൽ യാമിയുടെ ധീരകൃത്യം കാണിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താൻ താമസിക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് രക്ഷാപ്രവർത്തനത്തെക്കുറിച്ച് യാമി പറഞ്ഞു. ജോലിക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കെട്ടിടത്തിലേക്ക് ഓടിക്കയറി. രണ്ടാം നിലയിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. ശേഷം മൂന്നാം നിലയിൽ പുകയുയരുന്ന സ്ഥലത്തേക്ക് പ്രവേശിച്ചു. വാതിൽ പൂട്ടിയിരിക്കുകയാണെന്നും ഒരു സ്ത്രീയും നാല് കുട്ടികളും അകത്തുണ്ടെന്നും മനസിലായതോടെ അവരെ എങ്ങനെയും രക്ഷപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

‘എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അഗ്​നിശമന സേന വരുന്നത് വരെ കാത്തിരിക്കാൻ ചുറ്റുമുള്ളവർ എന്നെ ഉപദേശിച്ചു. എനിക്ക് ആസ്​ത്​മ ഉണ്ടെങ്കിലും അത് വകവെക്കാതെ വീട്ടിലേക്ക് ഓടിക്കയറി. വാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ചു. കൈകളിൽ ചെറിയ കുട്ടികളെ വാരിയെടുത്ത് ഓടുകയായിരുന്നു. അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി അവരെ എന്‍റെ കാറിൽ കയറ്റി. കെട്ടിടത്തിൽ ഒഴിപ്പിക്കാൻ ആരും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ്​ ഞാൻ മടങ്ങിയതെ’ന്നും അൽ-യാമി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനിടെ ശ്വാസംമുട്ടലും പൊള്ളലും അനുഭവപ്പെടുകയും ബോധരഹിതനാവുകയും ചെയ്ത യാമിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്‍റെ വലതുഭാഗത്ത് പൊള്ളലേറ്റ മുറിവുകളും വലതുകാലിന് പൊട്ടലും ഇടതുകാലിൽ ഉളുക്കുമുണ്ട്. പിന്നീട് സിവിൽ ഡിഫൻസ് എത്തി തീ അണച്ചു. കുടുംബത്തെ തീയിൽനിന്ന് രക്ഷിക്കാൻ തന്നെ പ്രാപ്തരാക്കിയതിന് യാമി ദൈവത്തെ സ്തുതിച്ചു. മറ്റുള്ളവരുടെ ജീവൻ അപകടത്തിൽ പെടുമ്പോൾ ഏതൊരു മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്ന സ്വാഭാവിക പ്രതികരണം മാത്രമേ ത​ന്‍റെ ഭാഗത്തു നിന്നുണ്ടായുള്ളൂ എന്നായിരുന്നു യാമിയുടെ പ്രതികരണം.

തീജ്വാലകൾക്കും കനത്ത പുകക്കുമിടയിൽ വീടിനുള്ളിൽ കുടുങ്ങിയ കുടുംബത്തെ പുറത്തെടുക്കാനുള്ള അൽ യാമിയുടെ ധൈര്യത്തെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്. നിരവധി പേർ യുവാവിനെ അവരുടെ എക്​സ്​ അക്കൗണ്ടിൽ പ്രശംസിക്കുകയും അയാൾക്കായി പ്രാർഥിക്കുകയും ചെയ്തു.

Tags:    
News Summary - A video of a Saudi youth rescuing a woman and children from a burning house has gone viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.