അബഹ: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ അബഹ അൽ ജനൂബ് ഇന്റർനാഷനൽ സ്കൂൾ ‘ഹാറ്റ്സ് ഓഫ് -2024’ എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആർക്കിയോളജി വിഭാഗം പ്രഫസർ ഡോ. അലി മർസൂഖ് ഉദ്ഘാടനം ചെയ്തു.
മെറിറ്റ് അവാർഡുകൾക്കൊപ്പം കലാപരിപാടികളും ഉൾപ്പെടുത്തുക വഴി ഹോളിസ്റ്റിക് എജുക്കേഷനെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയാണ് സ്കൂൾ ചെയ്യുന്നതെന്നും, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം പ്രവാസി സമൂഹത്തിന് അൽജനൂബ് സ്കൂൾ നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ന്യൂസ് ലെറ്റർ ‘ഹാറ്റ്സ് ഓഫ് 2024’ എഡിഷൻ, ന്യൂസ് ബ്രോഡ്കാസ്റ്ററും സൗദി പ്രസ് ഏജൻസി അസീർ ചീഫ് എഡിറ്ററും അൽഅറബിയ ചാനൽ അവതാരകനും അബഹ ചേംബർ ഓഫ് കോമേഴ്സ് മീഡിയ വിഭാഗം അംഗവുമായ അബ്ദുള്ള അൽ ഉബൈദ്, ശിഫ ജിദ്ദ ക്ലിനിക്ക് എം.ഡി അബ്ദുൽ റഹ്മാന് നൽകി പ്രകാശനം ചെയ്തു. സ്കൂൾ ചെയർമാൻ സുബൈർ ചാലിയം അധ്യക്ഷത വഹിച്ചു.
സ്കൂൾ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ കാവനൂർ, പി.ടി.എ പ്രസിഡന്റ് ഡോ. ലുഖ്മാൻ, ശിഫ ഖമീസ് ക്ലിനിക് ലീഗൽ ഓഫിസർ അലി ശഹ്രി,വൈസ് പ്രിൻസിപ്പൽമാരായ ലേഖ സജികുമാർ, എം.എ റിയാസ്, ഹെഡ്മിസ്ട്രസുമാരായ ഡോ. അനുപമ ഷെറി, സുബി റഹിം, കെ.ജി കോഓഡിനേറ്റർ ഷീബ ബീഗം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ മഹ്സും അറക്കൽ സ്വാഗതവും ഫിനാൻസ് മാനേജർ ലുഖ്മാനുൽ ഹക്കിം നന്ദിയും പറഞ്ഞു.
ക്ലാസ് 10 സ്കൂൾ ടോപ്പർ സി. ആയിഷ അഫ, ബോയ്സ് വിഭാഗത്തിൽ ടോപ്പർ മുഹമ്മദ് സയാൻ ഖാലിദ്, ക്ലാസ് 12 സ്കൂൾ ടോപ്പർ മുഹമ്മദ് ഖുബൈബ്, ഗേൾസ് വിഭാഗത്തിൽ സുഹ മുഹമ്മദ് യൂസഫ് തുടങ്ങിയവരെയും, വിജയത്തിന് വഴികാട്ടികളായി പ്രവർത്തിച്ച അധ്യാപകരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഫാഷൻ ഷോ, സൗദി അറേബ്യ, സുഡാൻ പരമ്പരാഗത നൃത്ത രൂപങ്ങൾ, സെമി ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ഒപ്പന, വട്ടപ്പാട്ട്, മൈം, നാടകം,സിനിമാറ്റിക് ഡാൻസ്, സോളോ സോങ്, ഉപകരണ സംഗീതം എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.